നിലക്കടലയിൽ നിരവധി പോഷകങ്ങൾ ഉണ്ട്. മാംസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ധാതുക്കളായ കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, സെലെനിയം എന്നിവയും ഉണ്ട്.
എന്നാൽ, നിലക്കടല തിന്നാലുടൻ വെള്ളം കുടിക്കരുത് എന്നാണ് പറയാറ്. തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇങ്ങനെ പറയാൻ കാരണങ്ങൾ നിരവധിയാണ്. നിലക്കടല പൊതുവെ ഡ്രൈ ആയതിനാൽ ദാഹം കൂടും എന്നതാണ് ഒരു കാരണം. കൂടാതെ അവയിൽ എണ്ണ അടങ്ങിയിട്ടുമുണ്ട്. എണ്ണ അടങ്ങിയ ഭക്ഷണം കഴിച്ചതിനു ശേഷം വെള്ളം കുടിച്ചാൽ അത് അന്നനാളത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും ചുമ, അസ്വസ്ഥത മുതലായവ ഉണ്ടാകാനും കാരണമാകും.
മറ്റൊന്ന് നിലക്കടല ശരീരത്തിന് ചൂടാണ് എന്നതാണ്. വെള്ളം കുടിക്കുമ്പോൾ അത് ശരീരത്തിന്റെ താപനിലയുടെ ബാലൻസ് ഇല്ലാതാക്കും ഇത് ചൂടിനെ കെടുത്തും. പെട്ടെന്നുള്ള ഈ ചൂടും തണുപ്പും ചുമയ്ക്കും ജലദോഷത്തിനും ശ്വാസ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. തണുത്ത വെള്ളം കുടിക്കരുത് എങ്കിലും ഇളം ചൂടുവെള്ളം, നിലക്കടല തിന്ന ശേഷം കഴിക്കാം എന്ന അഭിപ്രായക്കാരാണ് ചിലർ. എന്തായാലും നിലക്കടല കഴിച്ച് കുറഞ്ഞത് ഒരു പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ ശേഷമേ വെള്ളം കുടിക്കാവൂ.
നിലക്കടല തിന്ന ശേഷം വെള്ളം കുടിക്കുന്നത് വായൂ കോപത്തിന് കാരണമാകും പ്രത്യേകിച്ച് കുട്ടികളിൽ. ചില കുട്ടികൾക്കും മുതിർന്നവർക്കും നിലക്കടല അലർജിയുണ്ടാക്കും. ഇവർക്ക് തൊണ്ടയിൽ കരകരപ്പും ഉണ്ടാകും. വെള്ളം കുടിച്ചാൽ ഈ അസ്വസ്ഥത കൂടുകയേ ഉള്ളൂ. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള നിലക്കടല തിന്നുമ്പോൾ ഉടൻ വെള്ളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കുറഞ്ഞത് ഒരു പത്തു മിനിറ്റെങ്കിലും കഴിഞ്ഞേ വെള്ളം കുടിക്കാവൂ.
















