മീൻ ഇഷ്ട്ടപെടാത്തവരയി ആരാണുള്ളത്, ഉച്ചയ്ക്ക് ഊണിന് മീൻ കറിയില്ലാതെ വയറുനിറയില്ല അല്ലെ, ഇന്ന് അല്പം വ്യത്യസ്തമായി ഒരു മീൻ കറി വെച്ചാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന മീന്‍ മപ്പാസിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മീന്‍ – അര കിലോ
- മുളകുപൊടി -രണ്ട് ടീസ്പൂണ്‍
- മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- കടുക് -അര ടീസ്പൂണ്‍
- ഉലുവ – കാല്‍ ടീസ്പൂണ്‍
- കറിവേപ്പില -മൂന്ന് തണ്ട്
- ഉപ്പ് -പാകത്തിന്
- സവാള -ഒരെണ്ണം(നീളത്തില്‍ അരിഞ്ഞത്)
- പച്ചമുളക് -നാലെണ്ണം(നെടുകെ കീറിയത്)
- വെളുത്തുള്ളി – 12 അല്ലി(നീളത്തില്‍ അരിഞ്ഞത്)
- ഇഞ്ചി അരിഞ്ഞത് – ഒരു ടീസ്പൂണ്‍
- വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
- കുടംപുളി- നാല് കഷണം
- തേങ്ങാപ്പാല്‍ – അരക്കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം മീന്‍ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ അല്‍പം വെള്ളത്തില്‍ കുതിര്‍ത്തി വെയ്ക്കുക. ഇനി ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയും ഇട്ട് വഴറ്റുക. ശേഷം കുതിര്‍ത്ത പൊടികളും ചേര്‍ത്ത് വഴറ്റുക. കുടംപുളിയും വെള്ളവും ചേര്‍ത്ത് തിളച്ചു തുടങ്ങുമ്പോള്‍ മീന്‍ കഷണങ്ങളും കറിവേപ്പിലയും ചേര്‍ക്കുക. വെന്ത ശേഷം തീകുറച്ച് തേങ്ങാപാലും ചേര്‍ത്ത് വാങ്ങി വെക്കാം.