കൊച്ചി: വഖഫ് ബില്ലിനെ കേരള പ്രതിനിധികള്‍ പിന്തുണയ്ക്കാത്തതില്‍ വിഷമമുണ്ടെന്ന് കെസിബിസി. പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായാണ് ജനപ്രതിനിധികളോട് ആവശ്യം ഉന്നയിച്ചത്. ജനപ്രതിനിധികള്‍ ആവശ്യം അംഗീകരിക്കാത്തതില്‍ വേദനയുണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ തോമസ് തറയില്‍ പറഞ്ഞു.
ഇത് ആരുടേയും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല. ബില്‍ മുനമ്പത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് പഠിക്കണം. വഖഫ് ഭേദഗതി ബില്ലിന് നല്‍കിയ പിന്തുണയില്‍ രാഷ്ട്രീയമില്ലെന്നും കെസിബിസി വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം വഖഫ് നിയമ ഭേദഗതി ബില്‍ മുനമ്പം ജനതയ്ക്ക് ആശ്വാസം നല്‍കുന്നതെന്ന് സിറോ മലബാര്‍ സഭ അഭിപ്രായപ്പെട്ടു. ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനമെടുത്തു. അത് ജനങ്ങളുടെ വേദന മനസ്സിലാക്കിക്കൊണ്ടാണ്. അതിനെ അനുകൂലിക്കുന്നു, സ്വാഗതം ചെയ്യുന്നു. അതേസമയം ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു കാര്യത്തിനും സഭ കൂട്ടുനില്‍ക്കില്ലെന്നും സിറോ മലബാര്‍ സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.
വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. ഇത്തരം കാര്യങ്ങളില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ആരും കവര്‍ന്നെടുക്കാത്ത രീതിയില്‍ നിലപാടുണ്ടാകണം എന്നാണ് സഭ ആവശ്യപ്പെടുന്നത്. ഇത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണയല്ല. മാത്രമല്ല, മതവിശ്വാസങ്ങള്‍ക്ക് എതിരുമല്ലെന്ന് ഫാദര്‍ ആന്റണി വടക്കേക്കര പറഞ്ഞു.