കൊച്ചി: കായലിൽ മാലിന്യം എറിഞ്ഞ സംഭവത്തില്‍ ഗായകൻ എം ജി ശ്രീകുമാറിന് പിഴ. മുളവുകാട് പഞ്ചായത്താണ് പിഴ അടക്കാൻ നോട്ടീസ് നൽകിയത്.25000 രൂപ പിഴയായി എം.ജി ശ്രീകുമാർ അടച്ചു. വീട്ടു ജീവനക്കാരാണ് കായലിലേക്ക് മാലിന്യം തള്ളിയത്.
തിരുവനന്തപുരം സ്വദേശിയാണ് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന വീഡിയോ മൊബൈലിൽ പകർത്തിയത്. മാസങ്ങൾക്ക് മുൻപാണ് വിനോദ സഞ്ചാരിയായ നസീം വീഡിയോ പകർത്തുന്നത്. ഈ വീഡിയോ കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷിനെ ടാഗ് ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. മന്ത്രിയുടെ ഓഫീസ് ഈ വീഡിയോ ശ്രദ്ധിക്കുകയും അന്വേഷിക്കാനായി മുളവുകാട് പഞ്ചായത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ആദ്യഘട്ടത്തിൽ വീട്ടുജോലിക്കാർ ഇക്കാര്യം വിസമ്മതിച്ചു. വീഡിയോ തെളിവ് സഹിതം കാണിച്ചപ്പോഴാണ് കായലിലേക്ക് മാലിന്യം എറിഞ്ഞെന്ന് സമ്മതിക്കുന്നത്. ഈ സംഭവം നടക്കുന്ന സമയത്ത് എം.ജി ശ്രീകുമാർ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് പഞ്ചായത്ത് പിഴ ചുമത്തുകയായിരുന്നു.മാര്‍ച്ച് 30ന് എം.ജി ശ്രീകുമാര്‍ പിഴ അടക്കുകയും ചെയ്തു.