നമ്മുടെ അടുക്കളകളിൽ വളരെ സുലഭമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. ഇന്ത്യൻ അടുക്കളകളിൽ വെളുത്തുള്ളി ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ്. വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്ന് ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വെളുത്തുള്ളിയിലെ വിറ്റാമിൻ ബി 6, സി, നാരുകൾ, കാൽസ്യം, പ്രോട്ടീൻ എന്നിവ ഊർജ്ജനില വർധിപ്പിക്കാനും മെറ്റബോളിസം കൂട്ടാനും ഗുണം ചെയ്യും.
ഡയറ്റിൽ പതിവായി വെളുത്തുള്ളി ഉൾപ്പെടുത്തിയാൽ മോശം കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. അല്ലിസിൻ പോലുള്ള സംയുക്തങ്ങളാൽ സമ്പന്നമാണ് വെളുത്തുള്ളി. അതിനാൽ ഇവയ്ക്ക് ഗ്ലൂക്കോസ് നിയന്ത്രിക്കാനുള്ള കഴിവുണ്ട്.
ചൈനയിലെ ഒരു കൂട്ടം ഗവേഷകർ, മനുഷ്യരിൽ രക്തത്തിലെ ലിപിഡിലും ഗ്ലൂക്കോസിന്റെ അളവിലും വെളുത്തുള്ളിയുടെ സ്വാധീനത്തെക്കുറിച്ച് അവലോകനവും മെറ്റാ അനാലിസിസും നടത്തിയിരുന്നു. ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇവർ ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നത്.
18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുമായി രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയാണ് പഠനം നടത്തിയത്. ഹീമോഗ്ലോബിൻ, ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ്, മൊത്തം കൊളസ്ട്രോൾ, എച്ച്.ഡി.എൽ കൊളസ്ട്രോൾ എന്നിവയുടെ അളവ് ഇതിൽ അവർ പരിശോധിച്ചു. പഠനത്തിൽ വെളുത്തുള്ളി ഫാസ്റ്റിംഗ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിച്ചതായി കണ്ടെത്തുകയും ചെയ്തു.
വെളുത്തുള്ളി നല്ല കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി മെച്ചപ്പെടുത്തിയതായും പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്, ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്നും പഠനമുണ്ട്.
Content Highlight: garlic