ആർമി മെഡിക്കൽ കോർപ്സിൻ്റെ 261-ാമത് സ്ഥാപക ദിനം ഇന്ന് (ഏപ്രിൽ 03) പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഘോഷിച്ചു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ദക്ഷിണ വ്യോമസേനയിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ, എയർ കമ്മഡോർ സച്ചിൻ എസ് സൗച്ചെ പ്രത്യേക ക്ഷണിതാവായിരുന്നു. മിലിട്ടറി ആശുപത്രി കമാൻഡിംഗ് ഓഫീസർ കേണൽ ആർ എ ഷെട്ടി, മുതിർന്ന ഉദ്യോഗസ്ഥർ, ആർമി മെഡിക്കൽ കോർപ്സിലെ സേനാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ആർമി മെഡിക്കൽ കോർപ്സിലെ എല്ലാ അംഗങ്ങൾക്കും ആശംസകൾ നേർന്നു. പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായ എയർ കമ്മഡോർ സച്ചിൻ എസ് സൗച്ചെ, ക്യാപ്റ്റൻ വിനീത് ആർ എസ്-നൊപ്പം കേക്ക് മുറിച്ച് ചടങ്ങ് ആഘോഷിച്ചു. ആർമി മെഡിക്കൽ കോർപ്‌സ് എല്ലാ വർഷവും ഏപ്രിൽ 3 ന് സ്ഥാപക ദിനം ആഘോഷിക്കുന്നു.
1943 ഏപ്രിൽ 3 ന്, ഇന്ത്യൻ മെഡിക്കൽ സർവീസസ് (IMS), ഇന്ത്യൻ മെഡിക്കൽ ഡിപ്പാർട്ട്‌മെന്റ് (IMD), ഇന്ത്യൻ ഹോസ്പിറ്റൽ കോർപ്‌സ് (IHC) എന്നിവ സംയോജിപ്പിച്ച് റോയൽ ആർമി മെഡിക്കൽ കോർപ്‌സിന്റെ മാതൃകയിൽ ഓഫീസർമാരുടെയും മറ്റ് സെനംഗങ്ങളുടെയും ഒരു ഏകീകൃത കോർപ്‌സായി IAMC നിലവിൽ വന്നു. 1950 ജനുവരി 26 ന് IAMC- നെ ആർമി മെഡിക്കൽ കോർപ്‌സ് (AMC) എന്ന് പുനർനാമകരണം ചെയ്തു. 1966 ഏപ്രിൽ 03 ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ. എസ് രാധാകൃഷ്ണൻ സ്ഥാപക ദിനത്തിൽ കോർപ്‌സിന് രാഷ്ട്രപതിയുടെ കളേഴ്സ് ബഹുമതി നൽകി.
സിയാച്ചിനിലെ മഞ്ഞുമൂടിയ മലകൾ മുതൽ രാജസ്ഥാനിലെ ചുട്ടുപൊള്ളുന്ന മരുഭൂമികൾ വരെ വൈവിധ്യമാർന്നതും വെല്ലുവിളി നിറഞ്ഞതുമായ അന്തരീക്ഷങ്ങളിൽ വിന്യസിച്ചിരിക്കുന്ന നമ്മുടെ ധീരരായ സൈനികർക്ക് വൈദ്യസഹായം നൽകിക്കൊണ്ട്, രാജ്യത്തിന്റെ സൈനിക പ്രചാരണത്തിൽ AMC നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രതിസന്ധി നിറഞ്ഞ പ്രദേശങ്ങളിൽ വൈദ്യസഹായവും മാനുഷിക സഹായവും നൽകുന്ന UN സമാധാന പരിപാലന ദൗത്യങ്ങളിൽ പങ്കാളിത്തത്തോടെ AMC യുടെ വൈദഗ്ദ്ധ്യം ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും ആഭ്യന്തര പ്രശംസ നേടുകയും ചെയ്യുന്നു. ദേശീയ ദുരന്തങ്ങളിലും മാനുഷിക പ്രതിസന്ധികളിലും, വൈദ്യസഹായവും മറ്റ് സഹായവും നൽകുന്നതിനായി എഎംസി ടീമുകളെ വിന്യസിക്കുന്നു. “സർവേ സന്തു നിരാമയ” (എല്ലാവരും രോഗങ്ങളിൽ നിന്ന് മുക്തരാകട്ടെ) എന്ന എഎംസിയുടെ മുദ്രാവാക്യം ജീവൻ രക്ഷിക്കുന്നതിനും ഇന്ത്യൻ സൈന്യത്തിന് മികച്ച വൈദ്യസഹായം നൽകുന്നതിനുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
CONTENT HIGH LIGHTS;Army Medical Corps Foundation Day celebrated