Sports

സഹ്യ ക്രിക്കറ്റ് ലീഗിന് ഗവ. സൈബര്‍ പാര്‍ക്കില്‍ തുടക്കമായി

കോഴിക്കോട്: ഗവണ്‍മന്‍റ് സൈബര്‍പാര്‍ക്കിലെ സഹ്യ ക്രിക്കറ്റ് ലീഗിന് സൈബര്‍ സ്പോര്‍ട്സ് അരീനയില്‍ തുടക്കമായി. സഹ്യ ക്രിക്കറ്റ് ക്ലബും സൈബര്‍പാര്‍ക്കും സംയുക്തമായാണ് സഹ്യ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്.

ഗവണ്‍മന്‍റ് സൈബര്‍പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാമ്പസ് എന്നിവിടങ്ങളില്‍ നിന്നുള്ള 18 ടീമുകളാണ് സഹ്യ ക്രിക്കറ്റ് ലീഗില്‍ മാറ്റുരയ്ക്കുന്നത്. ആറ് ഓവറുകളുള്ള നോക്കൗട്ട് മാച്ചുകളാണ് ലീഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒമ്പതു പേരടങ്ങുന്ന ടീമുകളാണ് മത്സരിക്കുന്നത്.

ദിവസത്തില്‍ ആറ് മത്സരങ്ങള്‍ വരെ നടത്തുന്നുണ്ട്. ഫൈനല്‍ ഉള്‍പ്പെടെ 17 മത്സരങ്ങളാണ് ആകെയുള്ളത്. ഏപ്രില്‍ എട്ട് ചൊവ്വാഴ്ചയാണ് ഫൈനല്‍.

ഉദ്ഘാടന മത്സരം പിഎബി സൊല്യൂഷന്‍സും ഗ്രിസ്റ്റന്‍ ടെക്നോളജീസും തമ്മിലായിരുന്നു. പിഎബി സൊല്യൂഷന്‍സ് അഞ്ച് വിക്കറ്റിന് ഉദ്ഘാടനമത്സരം വിജയിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, ഡെ. മാനേജര്‍ ബിജേഷ് അധികാരത്ത്, എച് ആര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍ അനുശ്രീ, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി പ്രസിഡന്‍റ് അബ്ദുള്‍ ഗഫൂര്‍ കെ വി, സൈബര്‍പാര്‍ക്ക് എക്സിക്യൂട്ടീവ് വിനീഷ്, തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ സംബന്ധിച്ചു.