എണ്ണിയാൽ ഒടുങ്ങാത്ത ഔഷധഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് മഞ്ഞൾ. സൗന്ദര്യവർദ്ധക വസ്തുക്കളിൽ മാത്രമല്ല മരുന്നുകളിൽ പോലും മഞ്ഞൾ ഇടം പിടിക്കുന്നു. മുറിവുകൾ ഉണങ്ങാനും അലർജ്ജി പോലുള്ളവ തടയാനും വിഷമുള്ള ജീവികൾ കടിച്ചാൽ അത് മാരകമാകാതിരിക്കാനും മഞ്ഞൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യൻ ഭക്ഷണത്തിൽ പ്രധാന ചേരുവകളിൽ ഒന്നുകൂടിയാണ് മഞ്ഞൾ. എന്നാൽ മഞ്ഞൾ കഴിക്കുന്നതിനും ഒരു അളവുണ്ട്. അമിതമായാൽ ആരോഗ്യത്തെ ബാധിക്കാൻ ഇടയുള്ള ഒന്നാണ് മഞ്ഞൾ എന്നാണ് പഠനങ്ങൾ. അമിതമായി മഞ്ഞൾ കഴിച്ചാൽ വരാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇവയാണ്
1. ഉദരരോഗങ്ങൾ
മഞ്ഞൾ അമിതമായി കഴിക്കുന്നത് ഉദരവീക്കത്തിന് കാരണമാകാം. മലബന്ധം, വയറുവേദന എന്നിവയ്ക്കും കാരണമാകും
2. വൃക്കയിലെ കല്ല്
മഞ്ഞളിൽ ഓക്സലേറ്റിന്റെ അംഗം കൂടുതലായതിനാൽ അമിതമായി ഉപയോഗിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിന് കാരണമാകാം. ഈ ഓക്സലേറ്റുകൾ കാൽസ്യവുമായി ചേർന്ന് കിഡ്നി സ്റ്റോണിന് കാരണമായ കാത്സ്യം ഓക്സലേറ്റാകുന്നതാണ് ഇതിന് വഴിവയ്ക്കുന്നത്.
3. വയറിളക്കം
മഞ്ഞളിലെ കുർകുമിൻ പലരോഗങ്ങൾക്കും നല്ലതാണെങ്കിലും അമിതമായി ഉള്ളിലെത്തുന്നത് ചെറുകുടലിൽ അസ്വസ്ഥതകൾ ഉണ്ടാകും. ഇത് വയറിളക്കം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും.
4. അലർജ്ജി
ചില ആളുകൾക്ക് മഞ്ഞൾ അലർജ്ജി ഉണ്ടാക്കാറുണ്ട്. ചർമത്തിൽ ചൊറിഞ്ഞ് തടിക്കുക, കുരുക്കൾ ഉണ്ടാകുക, ശ്വാസം തടസ്സം എന്നിവ അനുഭവപ്പെടാം. ഉള്ളിലെത്തിയാലും ചർമത്തിൽ പുരണ്ടാലും ഇത്തരക്കാർക്ക് മഞ്ഞൾ അസ്വസ്ഥതകൾ ഉണ്ടാക്കും.
5. ഇരുമ്പിന്റെ അപര്യാപ്തത
കൂടുതൽ മഞ്ഞൾ കഴിക്കുന്നത് ശരീരത്തിന്റെ ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കും. രക്തത്തിൽ ഇരുമ്പിന്റെ അംശം കുറവുള്ളവർ ദിവസേനയുള്ള ഭക്ഷണത്തിൽ മഞ്ഞൾ അമിതമാകാതെ സൂക്ഷിക്കണം.
Content Highlight: Turmeric side-effects