ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഖണ്ടാല. പ്രകൃതിസ്നേഹികളെയും സാഹസികരേയും ഒരുപോലെ വരവേല്‍ക്കുന്ന ഈ ഗിരി ശൃംഗങ്ങള്‍ സഹ്യാദ്രി നിരകള്‍ക്കു പടിഞ്ഞാറായി സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 625 മീറ്റര്‍ ഉയരെ സ്ഥിതി ചെയ്യുന്നു. ഇതിനു കുറച്ചകലെയായിത്തന്നെ കര്‍ജത്,ലോനവാല തുടങ്ങി മറ്റു ഹില്‍ സ്റ്റേഷനുകളുമുണ്ട്. ഖണ്ടാലയുടെ ഉത്ഭവത്തെ കുറിച്ച് അധികമൊന്നും ചരിത്രരേഖകളില്‍ പരാമര്‍ശിച്ചു കണ്ടിട്ടില്ല. മറാത്താ വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ഛത്രപതി ശിവജിയാണ് ഇവിടം ഭരിച്ചിരുന്നത്. പിന്നീടുള്ള കൊളോണിയല്‍ കാലഘട്ടത്തിലും ശക്തമായ പ്രൌഡ സാന്നിധ്യമായി ഖണ്ടാല നിലകൊണ്ടു. വസ്തുതകള്‍ നിരത്തിയാല്‍ ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ ഒരുപാട് പ്രത്യേകതകള്‍ ഖണ്ടാലക്ക് അവകാശപ്പെടാനുണ്ടാകും. വിവിധ വര്‍ണങ്ങള്‍ വാരി വിതറിയ ഭൂപ്രകൃതി തന്നെയാണ് ഖണ്ടാലയില്‍ യാത്രികരുടെ മനം കുളിര്‍പ്പിക്കുന്നത്.
പച്ചപുല്ലു വിരിച്ച കുന്നിന്‍മേടുകള്‍,പളുങ്ക് തടാകങ്ങള്‍,വെള്ളച്ചാട്ടങ്ങള്‍,ഉദ്യാനങ്ങള്‍ തുടങ്ങി പറഞ്ഞാല്‍ തീരാത്തത്ര കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. അമൃതാജ്ഞന്‍ പോയിന്റ്,ബുഷി ഡാം,റൈവുഡ് പാര്‍ക്ക് തുടങ്ങിയവ കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ചിലതാണ്. മലനിരകളള്‍ക്കരികിലുള്ള ഗുഹക്ഷേത്രങ്ങള്‍ ഇവിടുത്തെ വ്യത്യസ്തമായ കാഴ്ചയാണ്. ബി സി രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതായി കരുതപ്പെടുന്ന ഇവ ബുദ്ധമതത്തിലെ തന്നെ ഹീനയാന വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അക്കാലത്തെ ശില്‍പ വൈധഗ്ധ്യം ഉയര്‍ത്തിക്കാട്ടുന്നവയാണ് ഈ ഗുഹക്ഷേത്രങ്ങള്‍. ഒക്ടോബര്‍ മുതല്‍ മെയ് വരെയാണ് ഖണ്ടാല സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം. യാത്രികര്‍ക്ക് സ്വര്‍ഗീയമായ അനുഭൂതി പകര്‍ന്നു നല്‍കുന്ന വിധം പ്രകൃതി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാലം. മണ്‍സൂണ്‍ കാലത്തെ കാഴ്ചകള്‍ കുറച്ചു കൂടി വ്യത്യസ്തമാണ്. എങ്ങും പച്ചപ്പും തളിര്‍പ്പും മാത്രം.
ശരിക്കും പറഞ്ഞാല്‍ അപൂര്‍വ്വ സുന്ദരങ്ങളായ ഒട്ടേറെ കാഴ്ചകളുടെ ഒരു ഉത്സവം തന്നെയാണ് ഇവിടുത്തെ പ്രകൃതി നമുക്ക് സമ്മാനിക്കുന്നത്. ഹില്‍ സ്റ്റേഷനായതു കൊണ്ട് തന്നെ ട്രെക്കിംഗ് ആണ് ഖണ്ടാലയിലെ പ്രധാന വിനോദമെന്നു പറയേണ്ട കാര്യമില്ലല്ലോ. ഡ്യൂക്സ് നോസ്,കാര്‍ല ഹില്‍സ് എന്നിവയാണ് പ്രധാന ട്രെക്കിംഗ് കേന്ദ്രങ്ങള്‍. സാഹസികതയോടൊപ്പം തന്നെ മനോഹരമായ കാഴ്ചകളും ഇവിടെ കാണാം. ലോഹഗഡ് ഫോര്‍ട്ട്,കൂണ്‍ ഫാല്‍സ്,രാജമാച്ചി ഫോര്‍ട്ട് എന്നിങ്ങനെ ഖണ്ടാലയില്‍ യാത്രികര്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് നീളുന്നു. ഇതില്‍ ലോഹഗഡ് ഫോര്‍ട്ട് പണ്ട് കാലത്ത് തടവുകാരെ പാര്‍പ്പിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ്.ഇപ്പോള്‍ സഞ്ചാരികളുടെ പ്രധാന താവളമാണിത്. വെള്ളച്ചാട്ടത്തിന്റെ ഭംഗി അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കാന്‍ കൂണ്‍ ഫാല്‍സ് സന്ദര്‍ശിക്കാം. പച്ചപ്പ് വിരിച്ച താഴ്വാരങ്ങളും പൂന്തോട്ടങ്ങളുമായി രാജമാച്ചി ഫോര്‍ട്ട് നിങ്ങളെ വരവേല്‍ക്കുന്നു. ഇവയെല്ലാം ചേര്‍ന്നാണ് ഇവിടം സഞ്ചാരികളുടെ പറുദീസയാക്കുന്നത്.
പൊതുവേ സുഖകരമായ കാലാവസ്ഥയാണ് വര്‍ഷത്തിലുടനീളം ഇവിടെ അനുഭവപ്പെടുന്നത്.എന്നാലും ശീതകാലമാണ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയം. ഇവിടുത്തെ കാഴ്ചകള്‍ മുഴുവന്‍ നടന്നു കണ്ടു രസിക്കാന്‍ തണുത്ത കാലാവസ്ഥയാണ് കൂടുതല്‍ ഇണങ്ങിയത്. രുചികരമായ ഫാസ്റ്റ് ഫുഡും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. വെക്കേഷന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പൂര്‍ണമായും അവരുടെ ബജറ്റിനിണങ്ങിയ രീതിയില്‍ ചെലവിട്ടു ആഘോഷിക്കാവുന്ന ഇടം തന്നെയാണ് ഖണ്ടാല. മുംബൈ,പൂനെ തുടങ്ങി മറ്റെല്ലാ പ്രധാന നഗരങ്ങളുമായി ഖണ്ടാല ബന്ധപ്പെട്ടു കിടക്കുന്നു.പൂനെ എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്ത വിമാനത്താവളം.അവിടെ വന്നിറങ്ങി ഇങ്ങോട്ടേക്ക് ടാക്സി പിടിക്കാം.മഹാരാഷ്ട്രയിലെ മറ്റു പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം എങ്ങോട്ടേക്ക് ബസ് ട്രെയിന്‍ സര്‍വ്വീസുകള്‍ ധാരാളമുണ്ട്.വളരെ കുറച്ചു സമയത്തെ യാത്ര കൊണ്ട് യാത്രികര്‍ക്ക് ഇവിടെ എത്തിച്ചേരാം.
STORY HIGHLIGHTS : Khandala is one of the most important tourist destinations in India