Kerala

757 കിലോ കഞ്ചാവുമായി 3 പേർ പിടിയിലായ കേസ്; പ്രതികൾക്ക് 15 വർഷം തടവും പിഴയും വിധിച്ച് കോടതി – walayar cannabis smuggling case

രാജ്യത്തുതന്നെ കരമാർഗം പിടിക്കപ്പെട്ട രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കേസ് ഇതാണെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വൈ.ഷിബു പറഞ്ഞു

എക്സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട കേസിലെ മൂന്നു പ്രതികൾക്ക് 15 വർഷം വീതം കഠിനതടവും 1.50 ലക്ഷം രൂപവീതം പിഴയും വിധിച്ച് പാലക്കാട് അഡീഷനൽ ജില്ലാ കേ‍ാടതി. മലപ്പുറം സ്വദേശികളായ ബാദുഷ നാസർ, മുഹമ്മദ് ഫായിസ്, ഇടുക്കി സ്വദേശി ജിഷ്ണു ബിജു എന്നിവരെയാണ് ശിക്ഷിച്ചത്. 2021 ഏപ്രിൽ 22നായിരുന്നു കേസിനാസ്പദമായ സംഭവം.

വാളയാർ അതിർത്തിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കർണാടക രജിസ്ട്രേഷൻ ലോറി എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. പിന്നാലെ നടത്തിയ പരിശോധനയിൽ 328 പാക്കറ്റുകളിലായി ലോറിയിൽ കടത്തിയ 757.45 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. ആന്ധ്രപ്രദേശിലെ നരസിംപട്ടണത്തിൽ നിന്നും കൊച്ചിയിലേക്കാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

രാജ്യത്തുതന്നെ കരമാർഗം പിടിക്കപ്പെട്ട രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കേസ് ഇതാണെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വൈ.ഷിബു പറഞ്ഞു. ഏഴര കോടിയിലേറെ രൂപ വിലമതിക്കുന്ന കഞ്ചാവാണ് എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോടിക് സ്പെഷൽ സ്‌ക്വാഡ് സിഐ പി.കെ.സതീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.‌

STORY HIGHLIGHT: walayar cannabis smuggling case