ഡൽഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭയ്ക്ക് പുറമെ രാജ്യസഭയും ബിൽ പാസാക്കിയതോടെ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. ഇത്രയേറെ വിശദമായ ചർച്ചകൾ നടന്ന മറ്റൊരു ബില്ലുമില്ലെന്ന് ബിൽ അവതരിപ്പിച്ച് ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. മുനമ്പം വിഷയം ഇന്നും മന്ത്രി പരാമർശിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക്’ ആരംഭിച്ച ചർച്ച, പ്രതിപക്ഷ-ഭരണ പക്ഷ അംഗങ്ങളുടെ പോരാട്ട വേദികൂടിയായി മാറി.125 വോട്ട് പ്രതീക്ഷിച്ചിരുന്ന ഭരണകക്ഷിക്ക് 3 വോട്ട് അധികം ലഭിച്ചു. രാജ്യസഭയിൽ ഇന്‍ഡ്യ മൂന്നണിക്ക് 88 അംഗങ്ങളാണ് എന്നിരിക്കെ 7 വോട്ട് അധികമായി നേടി. പ്രതിപക്ഷകൂട്ടായ്മയുടെ കരുത്ത് കൂടിയാണ് തെളിഞ്ഞത്.
സോണിയഗാന്ധിയും മല്ലികാർജുന ഖാർഗയും ഉൾപ്പെടെയുള്ളവർ വോട്ട് ചെയ്തു. മുനമ്പത്തിൻ്റെ രക്ഷയ്കായി ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നായിരുന്നു കേന്ദ്രമന്ത്രിമാരുടെ ആവശ്യം. ബില്ലിലെ ഏത് വ്യവസ്ഥയാണ് മുനമ്പം വിഷയം പരിഹരിക്കുന്നതെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യം ഭരണകക്ഷി കണ്ടില്ലെന്ന് നടിച്ചു. ചിലവ്യവസ്ഥകളെ എതിർത്തും അനുകൂലിച്ചും ബിഷപ്പുമാർക്കും ഇൻഡ്യാ സഖ്യത്തിനും ഒപ്പമോടി ജോസ് കെ മാണി അസാധ്യമായ മെയ് വഴക്കം പ്രസംഗത്തിൽ തെളിയിച്ചു.
ആത്യന്തികമായി ബില്ലിനോട് എതിർപ്പാണെന്നും വ്യക്തമാക്കിയിരുന്നു. ബില്ല് പാസായതിലൂടെ മതേതരത്വത്തിനേറ്റ മുറിവിനെക്കുറിച്ചാണ് പ്രതിപക്ഷ എംപിമാർ സംസാരിച്ചത്. മുസ്‍ലിം വ്യക്തിനിയമ ബോർഡ് രാജ്യവ്യാപകപ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. നിയമമായാൽ ഉടൻ സുപ്രിംകോടതിയിൽ ഹർജി ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് ഡിഎംഎയും മുസ്‍ലിം ലീഗും.