ജറുസലം: ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി റഫയിൽ സൈനികനീക്കം തുടരുന്നതിനിടെ, കനത്ത ബോംബാക്രമണങ്ങളിൽ ഇസ്രയേൽ 62 പലസ്തീൻകാരെ കൊലപ്പെടുത്തി. 37 പേർ കൊല്ലപ്പെട്ട ഗാസ സിറ്റിയിൽ കാണാതായവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു. റഫയിൽനിന്നു പതിനായിരങ്ങൾ പലായനം തുടങ്ങി.
ബുധനാഴ്ച അർധരാത്രിക്കുശേഷം സിറിയയുടെ വിവിധ സൈനികത്താവളങ്ങൾ ഇസ്രയേൽ ആക്രമിച്ചു. 5 മേഖലകളിൽ നടത്തിയ ഡസനിലേറെ ബോംബാക്രമണങ്ങളിൽ ഹമാ വ്യോമത്താവളം പൂർണമായി തകർന്നെന്നു സിറിയ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഡമാസ്കസ്, ഹോംസ് പ്രവിശ്യകളിലെ 14 വ്യോമത്താവളങ്ങളിലാണു ബോംബിട്ടത്. ബഷാർ അൽ അസദിന്റെ ഭരണം വീണതിനുശേഷം സിറിയയിൽ ഇസ്രയേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.