മധുര: മാസപ്പടിക്കേസിൽ അന്വേഷിക്കാൻ ഒന്നുമില്ലെന്ന് നാല് കോടതികൾ വ്യക്തമാക്കിയതാണെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിക്ക് കോടതിയുടെ ക്ലീൻ ചിറ്റ് ലഭിച്ചതാണ്. ഇപ്പോഴത്തെ അന്വേഷണത്തിലെ രാഷ്ട്രീയം വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ വിധി പകർപ്പുകൾ എല്ലാവർക്കും മുന്നിൽ വ്യക്തമാണ്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വീണ വിജയനെതിരെ വന്ന കേന്ദ്ര ഏജൻസി കേസിനെ പ്രതിരോധിക്കാൻ സിപിഐഎം തീരുമാനം. നേരത്തെ ഇക്കാര്യം ചർച്ച ചെയ്തു എന്നതിനാൽ ചർച്ചകൾ ഒന്നും ഇല്ലാതെ ഒറ്റകെട്ടായി പിണറായിയ്ക്കായി പ്രതിരോധം തീർക്കുകയാണ് പാർട്ടിയുടെ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ.
അതേസമയം, മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി.വീണയെ എസ്എഫ്ഐഒ പ്രതി ചേർത്തതോടെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യം ശക്തമാക്കി പ്രതിപക്ഷം. മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ തന്നെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു.
പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിലാണ്. അതിനാൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് പ്രോസിക്യൂഷൻ നടപടി നേരിടുന്ന മകളെ പിണറായി വിജയൻ എങ്ങനെ ന്യായീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. ഒരു നിമിഷം പോലും വൈകാതെ രാജിവേണമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ആവശ്യം.
കോൺഗ്രസിന്റെ നേതൃത്വത്തിൽ മണ്ഡലം തലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിക്കും. പാർട്ടിയെ രാഷ്ട്രീയമായി ദുർബലമാക്കാൻ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ നീക്കമെന്ന വാദം ഉയർത്തിയാണ് സിപിഎമ്മിന്റെ പ്രതിരോധം.