വിവോ വി സീരീസില്‍ പുതിയ മോഡല്‍ ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരിയിലാണ് കമ്പനി വിവോ വി 50 പ്രഖ്യാപിച്ചത്. ഇപ്പോള്‍ വരും ദിവസങ്ങളില്‍ തന്നെ മറ്റൊരു വി 50 സീരീസ് മോഡല്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വിവോ വി50ഇ എന്ന പേരിലാണ് പുതിയ ഫോണ്‍ പുറത്തിറക്കാന്‍ പോകുന്നത്.
മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലാണ് പുതിയ ഫോണ്‍ എത്തുക. ഏപ്രില്‍ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. പുതിയ ഫോണ്‍ രണ്ട് ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാകും. പേള്‍ വൈറ്റ്, സഫയര്‍ ബ്ലൂ എന്നി നിറങ്ങളിലാണ് ഫോണ്‍ കിട്ടുക. 120Hz റിഫ്രഷ് റേറ്റുള്ള ക്വാഡ്-കര്‍വ്ഡ് AMOLED ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത.
IP68, IP69 പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന റേറ്റിങ്ങുകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുക. OIS ഉള്ള 50MP സോണി IMX882 പ്രധാന കാമറ ഉള്‍പ്പെടുന്ന ഡ്യുവല്‍ കാമറ സജ്ജീകരണമാണ് സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. രാത്രി ഫോട്ടോഗ്രാഫിയും പോര്‍ട്രെയ്റ്റുകളും മെച്ചപ്പെടുത്തുന്നതിനായി വൃത്താകൃതിയിലുള്ള ഓറ ലൈറ്റും ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, 50MP സെല്‍ഫി കാമറയാണ് അവതരിപ്പിക്കുന്നത്.AI ഇമേജ് എക്സ്പാന്‍ഡര്‍, സര്‍ക്കിള്‍ ടു സെര്‍ച്ച്, നോട്ട് അസിസ്റ്റ്, തുടങ്ങിയ നിരവധി AI സവിശേഷതകള്‍ ഇത് വാഗ്ദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഫോണ്‍ 6.77 ഇഞ്ച് സ്‌ക്രീന്‍ വലുപ്പവുമായി വരാനാണ് സാധ്യത. ഇത് 1.5K റെസല്യൂഷന്‍ വാഗ്ദാനം ചെയ്‌തേക്കാം. മുന്‍ഗാമിയെപ്പോലെ മീഡിയാടെക് ഡൈമെന്‍സിറ്റി 7300 പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. ഇന്ത്യയില്‍ 25000 രൂപ മുതല്‍ 30000 രൂപ വരെ വിലയുള്ള മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഫോണ്‍ അവതരിപ്പിക്കാനാണ് സാധ്യത.