കൊച്ചി: വഖഫ് വിഷയത്തിൽ കോൺഗ്രസിനെതിരെയും സിപിഎമ്മിനെതിരെയും രംഗത്തെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് ബിൽ ജെപിസിയിൽ ഇട്ട് കത്തിച്ചുകളയുമെന്നു ചിലർ പറഞ്ഞുവെന്നും മാറിയ നിയമങ്ങളുടെ പശ്ചാത്തലത്തിൽ എന്തു നടപടി വരുമെന്നു കാത്തിരുന്ന് കാണാമെന്നും സുരേഷ് ഗോപി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. നിയമത്തിൽ കൊണ്ടുവന്ന ഭേദഗതികൾ കൊണ്ട് മുനമ്പത്തെ ജനങ്ങൾക്ക് ഗുണമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്നാൽ ജബല്‍പൂർ സംഭവത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രകോപിതനായാണ് സുരേഷ് ഗോപി മറുപടി പറഞ്ഞത്. സൂക്ഷിച്ച് സംസാരിക്കണമെന്നും ചോദ്യം ജോണ്‍ ബ്രിട്ടാസിന്‍റെ വീട്ടില്‍ കൊണ്ട് വെച്ചാല്‍ മതിയെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഏതാണ് ചാനലെന്ന് ചോദിച്ച ശേഷം മറുപടി പറയാന്‍ സൗകര്യമില്ലെന്നായിരുന്നു പ്രതികരണം.
ഇന്നലെ രാജ്യസഭയിൽ വഖഫ് ഭേദഗതി ബില്ലിൻമേലുള്ള ചർച്ചയിൽ സുരേഷ് ഗോപിയും ജോൺ ബ്രിട്ടാസും ഏറ്റുമുട്ടിയിരുന്നു. ‘രാജ്യസഭയിലും എമ്പുരാൻ സിനിമയിലെ മുന്നമാരുണ്ട്’ എന്നായിരുന്നു സുരേഷ് ഗോപിയെ പേരെടുത്ത് പറയാതെ ജോൺ ബ്രിട്ടാസിന്‍റെ വിമർശനം. ‘നിങ്ങളുടെ വിഷത്തെ ഞങ്ങൾ അവിടെ (കേരളത്തിൽനിന്ന്) മാറ്റിനിർത്തി. ഒരു തെറ്റു പറ്റി മലയാളിക്ക്. കേരളത്തിൽ ഒരാൾ ജയിച്ചിട്ടുണ്ട്. അതു വൈകാതെ തിരുത്തും. നേമത്തെ അക്കൗണ്ട് പൂട്ടിച്ചതു പോലെ വൈകാതെ ആ അക്കൗണ്ടും പൂട്ടിക്കും’ എന്നും സുരേഷ് ഗോപിയുടെ വിജയം സൂചിപ്പിച്ച് ബ്രിട്ടാസ് തുറന്നടിച്ചു.
‘ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നവരുണ്ടിവിടെ. ഓരോ ദിവസവും ക്രൈസ്തവർക്കെതിരെ ആക്രമണം നടക്കുന്നു. ഇന്നും ജബൽപൂരിൽ ആക്രമണം നടന്നു. കഴിഞ്ഞ വർഷം മാത്രം എഴുനൂറിലേറെ ആക്രമണങ്ങളാണ് ക്രൈസ്തവർക്കെതിരെ നടന്നത്. മണിപ്പൂരിൽ 200 ക്രിസ്ത്യൻ പള്ളികൾ കത്തിച്ചു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായിട്ട് ക്രിസ്ത്യാനി, മുനമ്പം, കേരള എന്നൊക്കെ പറയുന്നു. സ്റ്റാൻ സ്വാമിയെ മറക്കാനാവുമോ സർ? പാർക്കിൻസൺസ് രോഗം വന്ന് ഒരുതുള്ളിവെള്ളം കുടിക്കാനാവാതെ ഒരു സ്ട്രോയ്ക്ക് വേണ്ടി കരഞ്ഞ ആ മനുഷ്യനെ നിങ്ങൾ ജയിലിലിട്ട് കൊന്നില്ലേ’ -ബ്രിട്ടാസ് ചോദിച്ചിരുന്നു.
ഇതിൽ പ്രകോപിതനയാ സുരേഷ് ഗോപി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. എമ്പുരാൻ സിനിമയെക്കുറിച്ച് പറയുന്നവർക്ക് ടി.പി. ചന്ദ്രശേഖരനെ പറ്റിയുള്ള ‘ടി.പി 51 വെട്ട്’ സിനിമയെക്കുറിച്ച് പറയാൻ ധൈര്യമുണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയെക്കുറിച്ചും സുരേഷ് ഗോപി പരാമർശിച്ചു. നടൻ മമ്മൂട്ടിയെ പരോക്ഷമായി പരാമർശിച്ച്, ബ്രിട്ടാസിനോ കൈരളി ചാനലിനോ അതിന്റെ ചെയർമാനോ സിനിമകൾ റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചു.