Business

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു | Sensex

എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം ഉയരാന്‍ കാരണമായി

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 46 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് നയം അമേരിക്കന്‍ വിപണിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളാണ് രൂപയ്ക്ക് കരുത്തായത്. ഡോളര്‍ ദുര്‍ബലമാകാന്‍ പുതിയ താരിഫ് നയം കാരണമാകുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ഇതും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു.

എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം ഉയരാന്‍ കാരണമായി. ഇന്നലെ രൂപ 22 പൈസയുടെ നേട്ടം കൈവരിച്ചിരുന്നു. നിലവില്‍ ഡോളറിനെതിരെ 85ല്‍ താഴെയാണ് രൂപയുടെ മൂല്യം. ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്.

അതേസമയം ഓഹരി വിപണി നഷ്ടത്തിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളാണ് ഓഹരി വിപണിയെ ബാധിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. സെന്‍സെക്‌സ് 76,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഇന്നലത്തെ പോലെ ഇന്നും ഐടി ഓഹരികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഐടി സൂചിക രണ്ടുശതമാനമാണ് ഇടിഞ്ഞത്. ഓട്ടോ, മെറ്റല്‍, ഫാര്‍മ ഓഹരികളും നഷ്ടം നേരിട്ടു.

content highlight: sensex