ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ കിണർ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് അതിദാരൂണമായ ഈ സംഭവം നടന്നത്. ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികൾ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
150 വർഷം പഴക്കമുള്ള സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കിണറിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി അഞ്ച് തൊഴിലാളികൾ ആദ്യം ഇറങ്ങി. ഇവരെ സഹായിക്കുന്നതിന് വേണ്ടി ഇവർക്ക് പുറകേ മൂന്ന് പേരും കൂടി ഇറങ്ങുകയായിരുന്നു.
കിണർ വൃത്തിയാക്കുന്നതിനിടെ അതിനുള്ളിൽ ഉണ്ടായിരുന്ന വിഷവാതകം പുറത്തേക്ക് വരികയും അങ്ങനെ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർക്കും മരണം സംഭവിക്കുകയുമായിരുന്നു. ജില്ലാ ഭരണകൂടം, പൊലീസ്, എസ്ഡിആർഎഫ് ടീമുകൾ എന്നിവരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.