കൊച്ചി: കൊച്ചിയിലെ ഡിപി വേൾഡിന്റെ കണ്ടെയ്‌നർ ടെർമിനൽ (ഐസിടിടി) 2024-25 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന വോളിയം റെക്കോർഡ് സ്ഥാപിച്ചു. 834,665 ടിഇയു ആണ് ഇക്കാലത്ത് കൈകാര്യം ചെയ്തത്. ഏകദേശം 11% വാർഷിക വളർച്ച രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷം നേടിയ 754,237 ടിഇയു ആയിരുന്നു മുമ്പത്തെ റെക്കോർഡ്. ട്രാൻസ്ഷിപ്പ്‌മെന്റ് വോളിയവും 169,562 ടിഇയു എന്ന പുതിയ റെക്കോർഡ് സൃഷ്ടിച്ചു. വിദേശ കയറ്റുമതി, തീരദേശ കയറ്റുമതി, റീഫർ വോള്യങ്ങൾ, ഏറ്റവും ഉയർന്ന ഒറ്റ-കപ്പൽ വോളിയം ഇടപാട് എന്നിവയുൾപ്പെടെ വിവിധ ബിസിനസ് വിഭാഗങ്ങളിലും റെക്കോർഡുകൾ സ്ഥാപിച്ചു. ദക്ഷിണ, കിഴക്കൻ ഇന്ത്യയിൽ പ്രതിവർഷം ഏറ്റവും കൂടുതൽ വെസ്സൽ കോളുകളിൽ ഒന്നായ 640 ഡിപി വേൾഡ് കൊച്ചി രേഖപ്പെടുത്തി. ഈ കാലയളവിൽ പ്രാദേശിക വ്യാപാരത്തിലും വിതരണ ശൃംഖല കാര്യക്ഷമതയിലും അതിന്റെ നിർണായക പങ്ക് മെച്ചപ്പെടുത്തി.
2024-25 സാമ്പത്തിക വർഷത്തിൽ, പുതിയ ഷിപ്പ്-ടു-ഷോർ (എസ് ടി എസ്) ക്രെയിനുകൾ, വൈദ്യുതീകരിച്ച റബ്ബർ-ടൈഡ് ഗാൻട്രി ക്രെയിനുകൾ (ഇ-ആർടിജികൾ), വികസിപ്പിച്ച യാർഡ് സ്ഥലം എന്നിവ ഉൾപ്പെടെയുള്ള തന്ത്രപരമായ അടിസ്ഥാന സൗകര്യ നവീകരണങ്ങളിലൂടെ ഡിപി വേൾഡ് കൊച്ചിൻ അതിന്റെ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചു – ഇത് ടെർമിനലിന്റെ മൊത്തം ശേഷി 1.4 ദശലക്ഷം ടിഇയു ആയി ഉയർത്തി. ടെർമിനലിന്റെ പവർ ഇൻഫ്രാസ്ട്രക്ചർ 3 എംവിഎയിൽ നിന്ന് 5 എംവിഎയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് പീക്ക് ഡിമാൻഡ് സമയത്ത് തടസ്സമില്ലാത്ത പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നു. അതോടൊപ്പം യാർഡ് ക്രെയിനുകളുടെ 100% വൈദ്യുതീകരണവും സ്വന്തം സോളാർ പ്ലാന്റും ഉള്ളതിനാൽ കാർഗോകളുടെ കാർബൺ ബഹിർഗമന അളവ് കുറച്ച് ഉപഭോക്താക്കൾക്ക് സുസ്ഥിര മത്സര നേട്ടം സാധ്യമാക്കുന്നു. കഴിഞ്ഞവർഷം ഡിപി വേൾഡ് 350 മീറ്ററിലധികം നീളമുള്ള ഒന്നിലധികം അൾട്രാ ലാർജ് കണ്ടെയ്‌നർ വെസ്സലുകൾ (യുഎൽസിവികൾ) വിജയകരമായി കൈകാര്യം ചെയ്തു. ഇത് വളരുന്ന വ്യാപാര അളവുകൾ ഉൾക്കൊള്ളാനുള്ള കഴിവ് പ്രകടമാക്കി.
കൂടാതെ, കേരളത്തിലെ ആദ്യ ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോൺ (എഫ് ടി ഡബ്‌ളിയു ഇസെഡ്) – ഇന്ത്യയിലെ പ്രധാന തുറമുഖത്തിനുള്ളിലെ ഇത്തരത്തിലുള്ള ഒരേയൊരു സൗകര്യം – 2024-25 സാമ്പത്തിക വർഷത്തിൽ 2,255 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്തുകൊണ്ട് സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. മേഖലയിലെ വ്യാപാര കാര്യക്ഷമതയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും പ്രധാന സഹായി എന്ന നിലയിൽ എഫ്ടിഡബ്‌ളിയുഇസെഡിന്റെ പങ്ക് ഇത് ശക്തിപ്പെടുത്തുന്നു.
ദക്ഷിണേന്ത്യൻ വിപണിയുടെ ഏറ്റവും മുൻഗണനയുള്ള ഗേറ്റ് വേ തുറമുഖമായി മാറാനുള്ള ഞങ്ങളുടെ ശ്രമത്തിൽ മറ്റൊരു വിജയകരമായ വർഷം കൂടി പിന്നിട്ടതായി ഡിപി വേൾഡ് പോർട്ട്‌സ് ആന്റ് ടെർമിനൽസ് കൊച്ചിൻ സിഇഒ പ്രവീൺ ജോസഫ് പറഞ്ഞു. “ശേഷി വികസനത്തിനൊപ്പം, പ്രാദേശിക എക്സിം, തീരദേശ വ്യാപാരത്തിന്റെ വളർച്ചാ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോൺ പോലുള്ള പുതിയ പരിഹാരങ്ങൾ കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിഞ്ഞു. വ്യാപാരത്തിന് ഗുണകരമാകുന്ന തരത്തിൽ ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം, വേഗത്തിലുള്ള വിതരണസമയം, ഉയർന്ന ഉൽപ്പാദനക്ഷമത, സുസ്ഥിരത എന്നിവയിൽ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കും. ഈ വളർച്ചാഗതിക്കൊപ്പം, ഞങ്ങളുടെ ടെർമിനൽ പ്രവർത്തനങ്ങളും ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോണും തമ്മിലുള്ള സമന്വയം ശക്തിപ്പെടുത്താൻ ശ്രമിക്കും. പുതിയ നാഴികക്കല്ലുകളിൽ എത്താൻ ഞങ്ങളെ പ്രാപ്തരാക്കുന്നതിൽ കൊച്ചിൻ പോർട്ട് അതോറിറ്റി നൽകുന്ന മികച്ച പിന്തുണയെ ഞങ്ങൾ അഭിനന്ദിക്കുന്നു.”
ഫാർ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലേക്ക് ഡിപി വേൾഡ് കൊച്ചിൻ നേരിട്ടുള്ള മെയിൻലൈൻ (മദർ വെസൽ) കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. തിരക്കേറിയ കേന്ദ്രങ്ങളെ ഒഴിവാക്കി ഗതാഗത സമയം ഗണ്യമായി കുറയ്ക്കുന്നതിലൂടെ 50% കാർഗോയും നേരിട്ട് മദർ വെസലുകളിൽ കൊണ്ടുപോകാൻ ഇത് പ്രാപ്തമാക്കുന്നു. സുരക്ഷയിലും നവീകരണത്തിലും വ്യവസായത്തെ നയിക്കുക എന്ന ദൗത്യത്തിൽ ഡിപി വേൾഡ് ഉറച്ചുനിൽക്കും. മികച്ച നിലവാരമുള്ള പരിഹാരങ്ങൾ നൽകാൻ നിരന്തരം പരിശ്രമിക്കുകയും ചെയ്യും.