Thiruvananthapuram

അറ്റകുറ്റപ്പണി 15 മണിക്കൂര്‍ മുന്‍പ് പൂര്‍ത്തിയാക്കി നഗരത്തില്‍ ജലവിതരണം പുനരാരംഭിച്ചു: എന്നിട്ടും വെള്ളം കിട്ടാതെ ജനം വലയുന്നു

തിരുവനന്തപുരം നഗരത്തില്‍ ജലവിതരണവുമായി ബന്ധപ്പട്ടു നടന്ന അറ്റകുറ്റപ്പണികള്‍ നിശ്ചിത സമയത്തിനു മുന്‍പു പൂര്‍ത്തീകരിച്ച് വാട്ടര്‍ അതോറിറ്റി അരുവിക്കരയില്‍ ജലവിതരണം പുനരാരംഭിച്ചു. നിശ്ചയിച്ച സമയത്തിന് 15 മുന്‍പ് അരുവിക്കരയില്‍നിന്ന് ശുദ്ധജല പമ്പിങ് പുനരാരംഭിച്ചു. നാളെ രാവിലെ എട്ടു മണിയോടെ ജലവിതരണം പുനരാരംഭിക്കുമെന്നാണ് മുന്‍കൂട്ടി അറിയിപ്പു നല്‍കിയിരുന്നത്.

വാട്ടര്‍ അതോറിറ്റിയുടെ, അരുവിക്കരയില്‍നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന, ട്രാന്‍സ്മിഷന്‍ മെയിനിലെ പി.ടി.പി വെന്‍ഡിങ് പോയിന്റിനു സമീപമുള്ള കേടായ ബട്ടര്‍ഫ്‌ളൈ വാല്‍വ് മാറ്റി സ്‌ളൂയിസ് വാല്‍വ് ഘടിപ്പിക്കുന്ന പ്രവൃത്തി, പി.ടി.പി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ് സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്‌ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗര്‍ അണ്ടര്‍പാസിന് അടുത്തുള്ള ട്രാന്‍സ്മിഷന്‍ മെയിനിന്റെ അലൈന്‍മെന്റ് മാറ്റിയിടുന്ന പ്രവൃത്തി എന്നിവയാണ് നടന്ന പ്രവൃത്തികള്‍.

പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനും ഇടയ്ക്കിടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് ഒഴിവാക്കുന്നതിനുമായാണ് മൂന്നിടങ്ങളിലായി നടത്തേണ്ട പ്രവൃത്തികള്‍ ഒരേ സമയം ക്രമീകരിച്ചത്. മൂന്നിടങ്ങളിലും നടന്നത് ബ്രഹത്തായ അറ്റകുറ്റപ്പണികളായിരുന്നുവെങ്കിലും കൃത്യമായ ആസൂത്രണത്തോടെ പൂര്‍ത്തിയാക്കി നിശ്ചയിച്ച സമയത്തിനു വളരെ മുന്‍പു തന്നെ വെള്ളമെത്തിക്കാന്‍ കഴിഞ്ഞു.

ഈ വാദങ്ങളെല്ലാം ജലഅതോറിട്ടി ഉയര്‍ത്തുമ്പോള്‍ത്തന്നെ ഉര്‍ന്ന പ്രദേശങ്ങളിലൊന്നും വെള്ളം എത്തിയിട്ടില്ല എന്ന വസ്തുത മറച്ചു വെയ്ക്കരുത്. കഴിഞ്ഞ മൂന്നു ദിവസമായി പൂര്‍ണ്ണമായും വെള്ളം ഇല്ലാത്ത അവസ്ഥ പരിഹരിക്കാന്‍ നഗരസഭ എന്തു ചെയ്തു എന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രത്യക്ഷത്തില്‍ കുടിവെള്ളം നിറച്ച വാഹനങ്ങള്‍ കാണാനാവുമെങ്കിലും എവിടെയെങ്കിലും വെള്ളം എത്തിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം ഇപ്പോഴും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. പമ്പിംഗ് ആരംഭിച്ചാലും ഇത്തരം ഭാഗങ്ങളില്‍ വെള്ളമെത്താന്‍ ഒരു ദിവസമെങ്കിലും പിടിക്കും. അപ്പോള്‍ കുടിവെള്ളം മുട്ടിുന്ന നാലാം ദിവസമായി മാറും.

CONTENT HIGH LIGHTS;Water supply in the city resumed after repairs were completed 15 hours ago: Still, people are struggling without water

Latest News