നിങ്ങൾ അടുക്കളയിൽ പാത്രം തുടയ്ക്കാനും ചൂടു പാത്രം അടുപ്പിൽ നിന്നു വാങ്ങാനും അടുക്കളത്തട്ട് തുടയ്ക്കാനും കൈ തുടയ്ക്കാനും എല്ലാം ടവൽ ഉപയോഗിക്കുന്നവരാണോ ? ഈ ടവൽ നിങ്ങൾ കൃത്യമായി വൃത്തിയാക്കാറുണ്ടോ? ഇല്ലെങ്കിൽ ഈ ടവൽ രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും ഉറവിടമാണ്. ഭക്ഷ്യ വിഷ ബാധയ്ക്കുവരെ ഈ ടവലുകളുടെ ഉപയോഗം കാരണമായേക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഈർപ്പമുള്ള ടവലുകളിൽ കോളിഫോം ബാക്ടീരിയകൾ ധാരാളം ഉണ്ടാകും. സസ്യേതര ഭക്ഷണം പാകം ചെയ്യുന്ന വീടുകളിലെ ടവലുകളിലാവും ഇവ കൂടുതൽ. ഇവയുടെ ഉപയോഗം ഭക്ഷ്യ വിഷബാധയിലേക്കു വരെ നയിക്കും. കിച്ചൻ ടവലുകൾ എങ്ങനെയെല്ലാം ഉപയോഗിക്കുന്നു. അടുക്കളയിൽ പാകം ചെയ്യുന്ന ഭക്ഷണം, കിച്ചൻ ടവലുകളിലെ ഈർപ്പം ഇവയെല്ലാമാണ് ഭക്ഷ്യവിഷബാധയ്ക്ക് ഉത്തരവാദികൾ. സസ്യേതര ഭക്ഷണം പാകം ചെയ്യുന്ന അടുക്കള ടവലുകളിൽ ആണ് കോളിഫോം എസ് ഔറിയസ് ബാക്ടീരിയകൾ കാണപ്പെടുന്നത്.
ഏറ്റവും മലിനമായ സാഹചര്യങ്ങളിൽ കാണുന്ന ബാക്ടീരിയയാണ് ഇ കൊളി. അത് ദിവസവും ഉപയോഗിക്കുന്ന അടുക്കള ടവലിൽ ഉണ്ട് എന്നത് എത്ര ഗുരുതരമായ അവസ്ഥയാണ്. ഈർപ്പമുള്ള ടവലുകൾ അടുക്കളയിൽ വീണ്ടും ഉപയോഗിക്കരുത്. അതേ പോലെ ഒരേ ടവൽ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ശീലവും ഉടനടി മാറ്റുക. അടുക്കളയിലെ വൃത്തി, കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കും എന്ന കാര്യം മറക്കാതിരിക്കുക.
ദിവസവും കിച്ചൻ ടവൽ വൃത്തിയാക്കുന്നത് ഏറെ നല്ലത്. ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ സോപ്പു പൊടിയും, സോഡാപ്പൊടിയും ചേർക്കുക. കിച്ചൻ ടവൽ അതിൽ മുക്കുക. ഈ പാത്രം അടുപ്പിൽ വച്ച് പത്തോ പതിനഞ്ചോ മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് തണുത്ത ശേഷം വൃത്തിയുള്ള വെള്ളത്തിൽ കഴുകിയെടുക്കുക. ബാക്ടീരിയകളെയും രോഗാണുക്കളെയും ഒരു പരിധി വരെ തുരത്താൻ ഈ രീതി സഹായിക്കും.