Health

അറിയാമോ വാഴക്കൂമ്പ് നൽകും ഈ ആരോഗ്യഗുണങ്ങൾ?

വാഴയില്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ്. ഒരു വാഴ നട്ടാല്‍ ഇല മുതല്‍ തണ്ട് വരെ ഉപയോഗിക്കാം എന്നതാണ് ഗുണം. വാഴപ്പഴം, വാഴയില,വാഴപ്പിണ്ടി,വാഴക്കൂമ്പ് എന്നിങ്ങനെ വാഴയില്‍ ഉപയോഗയോഗ്യമല്ലാത്ത ഒന്നും തന്നെയില്ല. വാഴക്കൂമ്പിന്റെ കാര്യമെടുത്താല്‍ വിറ്റാമിനുകളുടെ കലവറയാണിത്. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും വാഴക്കൂമ്പിനുണ്ട്. ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് വാഴപ്പൂ അഥവാ വാഴച്ചുണ്ട് അല്ലെങ്കിൽ വാഴക്കൂമ്പ് നല്‍കുന്നത്. അത് എന്തൊക്കെ ആണെന്ന് അറിയാം.

ഭാരം കുറയ്ക്കാന്‍ വാഴക്കൂമ്പിനു സാധിക്കും. കാലറി വളരെ കുറഞ്ഞ ഇവ ധാരാളം നാരുകള്‍ അടങ്ങിയതാണ്. ഒപ്പം കൊളസ്ട്രോള്‍ ഒട്ടുമേയില്ല എന്നതും ഓര്‍ക്കുക.

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് ഇവ. നിങ്ങളുടെ ആഹാരക്രമത്തില്‍ വാഴക്കൂമ്പ് സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഹൃദയാരോഗ്യത്തിനും വാഴപ്പൂ നല്ലതാണ്. ആഴ്ചയിൽ രണ്ടു ദിവസം വാഴക്കൂമ്പു തോരൻ വെച്ചോ മറ്റു രീതിയിലോ കഴിച്ചാൽ രക്തത്തിലുള്ള അനാവശ്യ കൊഴുപ്പുകൾ നീങ്ങി രക്തശുദ്ധി നൽകും. രക്തക്കുഴലിൽ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാക്കാനും ഇത് ഉത്തമമാണ്.

മഗ്നീഷ്യം ധാരാളം അടങ്ങിയതാണ് വാഴക്കൂമ്പ്. ഇത് സ്ഥിരമായി കഴിച്ചാല്‍ ടെന്‍ഷന്‍ അമിതമായ സ്ട്രെസ് എന്നിവ അകറ്റാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഒപ്പം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും, സ്ത്രീകളില്‍ ഉണ്ടാകുന്ന ഗര്‍ഭപാത്രസംബന്ധമായ രോഗങ്ങളെ ചേര്‍ക്കാനും മറ്റും വാഴക്കൂമ്പ് നല്ലതാണ്.

ഒരുപാട് തരം അണുബാധകള്‍ തടയാന്‍ വാഴക്കൂമ്പിനു സാധിക്കും. അണുക്കള്‍ പെരുകുന്നത് തടയാന്‍ പോലും ഇതിനു സാധിക്കും. ചിലയിടത്ത് മുറിവുകള്‍ വൃത്തിയാക്കാന്‍ പോലും ഇവ ഉപയോഗിക്കാറുണ്ട്. ചിലയിനം പാരസൈറ്റുകളെ കൊന്നൊടുക്കാന്‍ വരെ വാഴപ്പൂവിനു സാധിക്കും. പണ്ടുകാലത്ത് മലേറിയ വന്നവര്‍ക്ക് വാഴക്കൂമ്പ് മരുന്നായി നല്‍കുമായിരുന്നു.

വാഴക്കൂമ്പ് കഴിക്കുന്നത്‌ അനീമിയ തടയാന്‍ സഹായിക്കും. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാന്‍ അതിനാല്‍ വാഴകൂമ്പിനു സാധിക്കും. രക്തത്തിലെ ഓക്സിജന് അളവ് കൂട്ടാനും സഹായിക്കും.