കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തില്‍ മകള്‍ വീണ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയേയും മകളേയും സംരക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ മത്സരിക്കുകയാണ്. മുമ്പ് കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഇതല്ലായിരുന്നു സിപിഎം നിലപാട് എന്നും വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യാതൊരു സേവനവും ചെയ്യാതെ വീണയുടെ കമ്പനിയുടെ അക്കൗണ്ടിലേക്ക് രണ്ടു കോടി 70 ലക്ഷം രൂപ വന്നു എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പറയാനുള്ളത് കൂടി കേട്ടശേഷമാണ് എസ്എഫ്‌ഐഒ അവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികമായ അര്‍ഹതയില്ല. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഉടനടി രാജിവെക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.
ഇതിനുമുമ്പ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്ന ആളുകളെല്ലാം സ്ഥാനങ്ങളില്‍ നിന്നും രാജിവെച്ച ചരിത്രമാണ് സംസ്ഥാനത്തിനുള്ളത്. രാജിവെക്കാതെ അധികാരത്തില്‍ തൂങ്ങിപ്പിടിച്ച് കിടക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. തെറ്റായ കാര്യമാണ് നടന്നിട്ടുള്ളത്. അതില്‍ മുഖ്യമന്ത്രിക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ പിണറായി വിജയന് സാധിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.