മലയാളികളെ സംബന്ധിച്ച് ചോറ് ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ്. എന്നാൽ ഇപ്പോൾ തടി കൂടുമെന്ന് പേടിച്ച് നിത്യേന ഉപയോഗിച്ച് കൊണ്ടിരുന്ന പല ഭക്ഷണങ്ങളും നാം ഒഴിവാക്കികൊണ്ടിരിക്കുന്ന കൂട്ടത്തിൽ ഇപ്പോൾ ചോറും പലരും ഉപേക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. മൂന്ന് നേരവും ചോറ് കഴിക്കാൻ ഇഷ്ടപ്പെടുന്ന മലയാളികൾ ഇന്ന് അത് ഒഴിവാക്കി ചോറിനു പകരം കഴിക്കുന്നതോ ചപ്പാത്തി പോലെയുള്ള ഭക്ഷണങ്ങള്‍ കഴിക്കുവാൻ തുടങ്ങി. ചോറ് കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കും എന്ന തെറ്റിദ്ധാരണയാണ് അരിയെ ചുറ്റിപ്പറ്റി എല്ലാവർക്കും ഉള്ളത്. എന്നാൽ ചോറ് കഴിക്കുന്നത് ശരിക്കും തടി കൂടുമോ ? അറിയാം.
ഒന്നു വണ്ണം വച്ചു കിട്ടാൻ ആഗ്രഹിക്കുന്നവർ ഒരു പ്ലേറ്റ് നിറയെ ചോറുണ്ടിട്ടൊന്നും ഒരു കാര്യവുമില്ല. വണ്ണം കൂടുമോ എന്ന ഭയമുള്ളവർ ചോറുണ്ണാതെയും ഇരിക്കണ്ട. ചോറുണ്ടാൽ വണ്ണം കൂടില്ല. വണ്ണം കൂടും എന്ന തെറ്റായ പ്രചരണം വരാൻ കാര്യം, ചിലപ്പോൾ ഒരു ഡയറ്റ് പ്ലാനിലും അരിയാഹാരം ഉൾപ്പെടുന്നില്ല എന്നുള്ളതാവാം. എന്തായാലും അരിയാഹാരം വേഗം ദഹിക്കും. കൊഴുപ്പ് വളരെ കുറവാണ് കൊളസ്ട്രോൾ ഇല്ലേയില്ല. അന്നജം അടങ്ങിയതിനാൽ ഊർജ്ജത്തിന്റെ കലവറ കൂടിയാണ് അരി.
മനുഷ്യന്റെ ദഹനേന്ദ്രിയ വ്യവസ്ഥയിലെ എൻസൈമുകൾ അരിയെ വേഗം ദഹിപ്പിക്കുന്നു. ഉദരത്തിന് ആരോഗ്യമേകുന്നതോടൊപ്പം മലബന്ധം അകറ്റാനും സഹായകം. വാത–പിത്ത–കഫ ദോഷങ്ങൾക്കെല്ലാം യോജിച്ചതാണ് അരിഭക്ഷണം എന്നാണ് ആയുർവേദം പറയുന്നത്.
അരിയാഹാരം ദഹിക്കാൻ വളരെ എളുപ്പമാണ് കൂടാതെ സുഖമായ ഉറക്കവും കിട്ടും. അരി ലെപ്റ്റിൻ സെൻസിറ്റിവിറ്റി കൂട്ടുന്നു. ഒരു കൊഴുപ്പു കോശമാണ് ലെപ്റ്റിൻ ഉല്പ്പാദിപ്പിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ ശേഖരണം നിയന്ത്രിക്കുന്നു. കൂടാതെ അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണം രാത്രി കഴിക്കാം. ഇത് ഗ്ലൂക്കോസ് ആയി മാറുന്നു. രാത്രി, ഗ്ലൂക്കോസ് ഊർജ്ജമായി വേഗത്തിൽ മാറുന്നു. പകൽ സമയത്ത് അരി പോലുള്ള ധാന്യങ്ങൾ കഴിക്കുമ്പോൾ ഗ്ലൂക്കോസ് ഫാറ്റ് ആയി മാറുകയാണ് ചെയ്യുന്നത്.