തൃശൂര്‍: പൂരം അലങ്കോലപ്പെടുത്തിയതില്‍ അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കി.
പൂരം നടത്തിപ്പ് മാനദണ്ഡം അനുസരിച്ചും വ്യവസ്ഥാപിതവുമാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്നും നിര്‍ദേശം. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണന്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് നിര്‍ദേശം. ക്രമസമാധാനം ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്നും കൃത്യമായി പൊലീസിനെ വിന്യസിക്കണമെന്നും ഡിജിപിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.