Kerala

വിഷുകൈനീട്ടം: ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി അനുവദിച്ചു

വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ച ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ് മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ധനകാര്യ മന്ത്രി നിര്‍ദേശിച്ചു.

26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നത്.

CONTENT HIGH LIGHTS;Vishu Kai Neetam: One more installment of welfare pension granted