Travel

കണ്ണുകളെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം; പ്രകൃതിയുടെ കാണാക്കാഴ്ചകള്‍ തേടി പോകാം ഖോടലയിലേക്ക് | Let’s go to Khotala to explore the wonders of nature

മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് ഈ ചെറു ഗ്രാമം സ്ഥിതി ചെയ്യുന്നത്

കാണുന്നവരൊയൊക്കെ വിസ്മയിപ്പിക്കുന്ന ഒന്നാണ് ഖോടല. മുംബയ് നഗരത്തിന്റെ അടുത്ത് കിടന്നിട്ടു പോലും പ്രശസ്തി അധികം പകര്‍ന്നു കിട്ടിയിട്ടില്ലാത്ത മനോഹരമായ ഒരു ചെറു ഗ്രാമം. കുടുംബവുമായി സ്വസ്ഥമായി സമയം ചെലവിടാനും കാഴ്ചകള്‍ കണ്ട് രസിക്കാനും പിന്നെ ഒരല്‍പം സാഹസികത പുറത്തെടുക്കാനുമൊക്കെ പറ്റിയ ഒരുഗ്രന്‍ പിക്നിക്‌ സ്പോട്ട്. സമുദ്രനിരപ്പില്‍ നിന്നും 1800 ഫീറ്റ്‌ ഉയരെ സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ പര്‍വ്വത പ്രദേശമാണിത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് ഈ ചെറു ഗ്രാമം സ്ഥിതി ചെയ്യുന്നത്.വൈതര്‍ണ ലേക്ക്, ഐഗട്പുരി-കസറ ഘട്ട്,ട്രിങ്കല്‍ വാടി ഫോര്‍ട്ട്‌ എന്നിവയൊക്കെ സമീപത്തായി സ്ഥിതി ചെയ്യുന്നു. ഒരു ചിത്രത്തിലെന്നോണം വരച്ച മാതിരി പച്ചപരവതാനി വിരിച്ച കുന്നിന്‍ മേടുകള്‍. വിനോദ സഞ്ചാരികളെയും സാഹസികരെയും ഒരു പോലെ ആവേശം കൊള്ളിക്കാന്‍ ഈ പച്ച പുതച്ച മലനിരകള്‍ക്കു അധിക സമയമൊന്നും വേണ്ട. അതോടൊപ്പം ഇവിടത്തെ വളരെ സൗമ്യമായ അന്തരീക്ഷം മനസിന്‌ ശാന്തിയും സമാധാനവും പകര്‍ന്നു തരുന്നു.

പൂനെ,മുംബായ് തുടങ്ങിയ സ്ഥലങ്ങളുമായി ചേര്‍ന്ന് കിടക്കുന്നുണ്ടെങ്കില്‍ പോലും അതിന്റെ പരിഷ്കാരങ്ങളോ ശബ്ദകോലാഹലങ്ങളോ ഇവിടുത്തെ സ്വര്യ ജീവിതത്തെ മലിനപ്പെടുത്തിയിട്ടില്ല. ശരിക്കും പറഞ്ഞാല്‍ ഖോടലയിലെ ടുറിസം സാദ്ധ്യതകള്‍ ഇനിയും ഏറെ പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. പോയ കാലത്തിന്റെ ഓര്‍മ്മക്കുറിപ്പെന്നോണം പ്രകൃതിയുടെ മക്കള്‍ എന്നവകാശപ്പെടാവുന്ന കുറേ മനുഷ്യര്‍ ഇവിടെയുണ്ട്. നഗരത്തിന്റെ പരിഷ്കാരങ്ങള്‍ തൊട്ടു തീണ്ടിയിട്ടില്ലാത്തവര്‍. പ്രകൃതിയുടെ തനിമ നശിപ്പിക്കാതെ എങ്ങനെ അവയോടിണങ്ങി ജീവിക്കണം എന്ന് നമ്മളെ പഠിപ്പിക്കുകയാണോ എന്ന് തോന്നിപ്പോകും അവരെ കണ്ടാല്‍. അവരുടെ വസ്ത്രധാരണ രീതി മുതല്‍ ജീവിത ശൈലി വരെ അത് തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഇവിടെയെത്തുന്നവരെ ഉല്ലാസത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ പാകത്തില്‍ ഒട്ടേറെ വിനോദങ്ങളുണ്ട് .ട്രെക്കിംഗ് തന്നെയാണ് യാതികരിലേറെ പേര്‍ക്കും പ്രിയങ്കരമായ പ്രധാന വിനോദം. പിന്നെ പര്‍വ്വത പ്രദേശത്തൂടെ സാഹസികമായി ബൈക്കോടിച്ചു രസിക്കാം. പക്ഷി ജന്തു സ്നേഹികള്‍ക്ക് അമല വന്യജീവി സങ്കേതം പുതു പുത്തന്‍ കാഴ്ചകള്‍ സമ്മാനിക്കുന്നു. ഉരഗങ്ങളും പലവിധ ജന്തു ജീവികളില്‍ തുടങ്ങി ഇവിടെ പറന്നെത്താറുള്ള ദേശാടന കിളികള്‍ വരെ യാത്രികരില്‍ കൗതുകമുളവാക്കുന്നു. സുഖകരമായ കാലാവസ്ഥ എടുത്തു പറയേണ്ടതാണ്. മഴക്കാലത്തിനു ശേഷമുള്ള സീസനാണ് യാത്രികര്‍ക്ക് ഏറ്റവും പ്രിയം.പിന്നെ ശീതകാലത്തും ഒത്തിരിപ്പേര്‍ ഇവിടെ എത്താറുണ്ട്.

ഖോടലയിലെ മറ്റു ചില പ്രത്യേകതകളിലൊന്നാണ് ഇവിടുത്തെ ട്രൈബല്‍ ഡാന്‍സ്. ഉത്സവ കാലത്ത് വന്നാല്‍ മാത്രമേ ഈ അപൂര്‍വ്വ കാഴ്ച കാണാനൊക്കൂ. ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളില്‍ നിന്നെല്ലാം തന്നെ ഇവിടേയ്ക്ക് ധാരാളം യാത്രികര്‍ എത്തുന്നുണ്ട്. ചത്രപതി ശിവജി എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. പിന്നെ 30 കിലോമീറ്റര്‍ അകലെ ഇഗട്പുരി റെയില്‍വേ സ്റ്റേഷനുമുണ്ട്. ഖോടലയ്ക്ക് അധികം അകലെയല്ല നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ മറ്റൊരു ബെസ്റ്റ് ഐഡിയ ഉണ്ട്. നേരെ ഒരു കാറു സംഘടിപ്പിക്കുക,ഇങ്ങോട്ടേക്ക് വച്ചു പിടിക്കുക. അതാവുമ്പോ വേണ്ട വിധം കാഴ്ചകളൊക്കെ കണ്ടു വിശാലമായി ഒന്ന് ചുറ്റിയടിക്കാം.

STORY HIGHLIGHTS :  Let’s go to Khotala to explore the wonders of nature