Travel

മലനിരകളുടെ രാജകുമാരി; കാടിന്റെ വരദാനമായ കൊടൈക്കനാല്‍ | favorite place for tourists; Kodaikanal, the boon of the forest

കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്.

കൊടൈക്കനാലിനെ കുറിച്ച് കേൾക്കാത്ത സഞ്ചാരപ്രിയരുണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് കൊടൈക്കനാല്‍. തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയിലാണ് കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്നത്. കിഴക്കുഭാഗത്ത് താഴേ പളനി വരെ നീളുന്ന മലനിരകളും വടക്കുവശത്ത് വില്‍പ്പട്ടി, പള്ളങ്കി ഗ്രാമങ്ങള്‍ വരെ നീളുന്ന മലനിരകളുമാണ് കൊടൈക്കനാലിന്റെ അതിര്‍ത്തികള്‍. പടിഞ്ഞാറ് മഞ്ഞംപട്ടി, അണ്ണാമലൈ എന്നീ മലകളും തെക്ക് വശത്ത് കമ്പം താഴ്വരയും കൊടൈക്കനാലിന്റെ അതിര്‍ത്തികളാണ്.

കാടിന്റെ വരദാനം എന്നാണ് തമിഴില്‍ കൊടൈക്കനാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. കാടിന്റെ അറ്റം, വേനലിലെ കാട്, കാടിന്റെ വരം എന്നിങ്ങനെ വ്യത്യസ്തമായ അര്‍ത്ഥങ്ങള്‍ കൊടൈക്കനാലിന്റെ പേരിന് പിന്നില്‍ പറഞ്ഞുകേള്‍ക്കാം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രങ്ങളില്‍ ഒന്നാണ് കൊടൈക്കനാല്‍. ഹണിമൂണ്‍ കേന്ദ്രമെന്ന നിലയിലും കൊടൈക്കനാലിന് പ്രശസ്തിയുണ്ട്. കനത്ത കാടിന് നടുവില്‍ വെള്ളച്ചാട്ടങ്ങളും പാറക്കൂട്ടങ്ങളും നിറഞ്ഞ മരങ്ങളുമാണ് കൊടൈക്കനാലിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. കൊടൈക്കനാലിന് ചുറ്റും നിറയെ കാഴ്ചകളുണ്ട്. കോക്കേഴ്‌സ് വാക്ക്, ബിയര്‍ ഷോല വെള്ളച്ചാട്ടം, ബ്രയാന്റ് പാര്‍ക്ക്, കൊടൈക്കനാല്‍ തടാകം, ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, കൊടൈക്കനാല്‍ സയന്‍സ് ഒബ്‌സര്‍വേറ്ററി, പില്ലര്‍ റോക്ക്‌സ്, ഗുണ ഗുഹകള്‍, സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവാര്‍ മുരുക ക്ഷേത്രം, ബെരിജാം തടാകം തുടങ്ങിയവയാണ് കൊടൈക്കനാലിലെ ചില കാഴ്ചകള്‍. ഒപ്പം കുറച്ച് പള്ളികളും കൊടൈക്കനാലില്‍ കാണാനുണ്ട്.

പിയേഴ്‌സ് പോലുള്ള പഴങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് കൊടൈക്കനാല്‍. വീടുകളിലുണ്ടാക്കുന്ന ചോക്കളേറേറുകള്‍ക്ക് പ്രശസ്തമായ കൊടൈക്കനാലിന് ചോക്കളേറ്റ് പ്രേമികളുടെ സ്വര്‍ഗം എന്നൊരു വിളിപ്പേര് തന്നെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരുന്നിനെത്തുന്ന കുറിഞ്ഞിയാണ് കൊടൈക്കനാലിലെ വിശേഷപ്പെട്ട ഒരു കാഴ്ച. സാഹസിക പ്രിയര്‍ക്കും, ട്രക്കിംഗ്, ബോട്ടിംഗ്, സൈക്ലിംഗ് പ്രിയര്‍ക്കും ഇഷ്ടമാകുന്ന സ്ഥലമാണ് കൊടൈക്കനാല്‍ എന്നതില്‍ സംശയം വേണ്ട. പാലരിയാര്‍ വിഭാഗത്തില്‍ പെട്ട ആദിവാസികളാണ് കൊടൈക്കനാലിലെ ആദ്യകാല താമസക്കാരെന്നാണ് കരുതപ്പെടുന്നത്. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യകാലങ്ങളിലെ സംഘകാല കൃതികളില്‍ കൊടൈക്കനാലിനെ കുറിച്ച് പരാമര്‍ശങ്ങളുണ്ട്. 1821 ലാണ് ബ്രിട്ടീഷുകാര്‍ ആദ്യമായി കൊടൈക്കനാലില്‍ എത്തുന്നത്. 1845 മുതല്‍ ബ്രിട്ടീഷുകാരാണ് കൊടൈക്കനാല്‍ എന്ന ടൗണ്‍ കെട്ടിയുണ്ടാക്കിയത്.

120 കിലോമീറ്റര്‍ അകലത്തുള്ള മധുരയാണ് കാടൈക്കനാലിന് സമീപത്തുള്ള വിമാനത്താവളം. കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മധുരയില്‍ നിന്നും വിമാനങ്ങളുണ്ട്. മൂന്ന് കിലോമീറ്റര്‍ അകലത്തുള്ള കൊടായ് റോഡാണ് സമീപ റെയില്‍വെ സ്റ്റേഷന്‍. ബാംഗ്ലൂര്‍, മുംബൈ, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്ക് ട്രെയിന്‍ കിട്ടണമെങ്കില്‍ കൊയമ്പത്തൂര്‍ ജംഗഷനില്‍ പോകണം. കേരളം, തമിഴ് നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് കൊടൈക്കനാലില്‍ അനുഭവപ്പെടുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് കൊടൈക്കനാല്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. സെപ്റ്റംബര്‍ – ഒക്ടോബര്‍ കാലവും ഇവിടെ വരാന്‍ അനുയോജ്യമാണ്. പച്ച പിടിച്ചുനില്‍ക്കുന്ന ജൂണ്‍ – ആഗസ്ത് മാസങ്ങളും മഞ്ഞുകാലവും കൊടൈക്കനാല്‍ സന്ദര്‍ശനത്തിന് ഉത്തമമാണ്.

STORY HIGHLIGHTS :  favorite place for tourists; Kodaikanal, the boon of the forest