തിരുവനന്തപുരം: ആശാവർക്കർമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന രാപ്പകൽ സമരം ഇന്ന് 55-ാം ദിവസത്തിലേക്ക്. ആശമാര്‍ നിരാഹാര സമരം തുടങ്ങിയിട്ട് ഇന്ന് 16 -ാം ദിവസമാണ്. മന്ത്രിയുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറെണെന്ന് ഇന്നലെ സമര സമിതി അറിയിച്ചെങ്കിലും ഇനി ചര്‍ച്ച നടത്തേണ്ടെ കാര്യമില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ പ്രതികരണം. പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന സർക്കാരിന്റെ വാഗ്ദാനം അംഗീകരിക്കാമെങ്കിൽ ചർച്ചകളുമായി മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി.
കഴിഞ്ഞദിവസം മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണു പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന് അറിയിച്ചത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി സംഘടനകൾ ഇതിനെ സ്വാഗതം ചെയ്തെങ്കിലും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നിലപാട് അറിയിക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. അസോസിയേഷന്റെ നിലപാടിൽ മാറ്റമില്ലെന്നു ഭാരവാഹികൾ അറിയിച്ചപ്പോഴാണ് കമ്മിറ്റിയെ നിയമിക്കുന്ന കാര്യത്തിൽ മാത്രമേ ചർച്ച ഉള്ളൂവെന്നു മന്ത്രി വീണാ ജോർജിന്റെ ഓഫിസിൽനിന്നു വ്യക്തമാക്കിയത്.