കൊച്ചി: എമ്പുരാൻ സിനിമയുടെ സഹനിർമാതാവ് ഗോകുലം ഗോപാലന് ഇഡി പൂട്ട്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിൽ രാത്രി വൈകിയും ഗോപാലനെ ഇഡി ചോദ്യം ചെയ്തു. ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്തേക്കും. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടർച്ചയായാണ് ചോദ്യംചെയ്യൽ എന്നാണ് സൂചന. സിനിമയുമായി ബന്ധപ്പെട്ട ഇടപാടുകളും പരിശോധിച്ചു എന്നാണ് സൂചന. ഫെമ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നിൽ എന്നാണ് ഇഡി നൽകുന്ന വിശദീകരണം. ഇന്നലെ രാവിലെ കോഴിക്കോട്ടെ മാളിലും ഹോട്ടലിലും ഇഡി പരിശോധന നടത്തിയിരുന്നു.
സമീപകാല വിവാദങ്ങളുമായി പരിശോധനക്ക് ബന്ധമില്ലെന്നും ഗോകുലം സ്ഥാപനങ്ങൾ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും കേരളത്തിലും തമിഴ്‌നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സംശയമെന്നും ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എമ്പുരാൻ സിനിമ പുറത്തിറങ്ങിയത് മുതൽ സംഘപരിവാര്‍ ചിത്രത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം അഴിച്ചുവിടുകയാണ്. ചിത്രത്തിൽ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. തമിഴിലെ വമ്പൻ പ്രൊഡക്ഷൻ ഹൗസായ ലൈക്ക പിന്‍മാറിയതിനെ തുടര്‍ന്നാണ് ഗോകുലം ഗോപാലന്‍ എമ്പുരാൻ ഏറ്റെടുത്തത്. വിവാദമായതോടെ, പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനില്ലെന്നും ഗോപാലൻ വിശദീകരിച്ചിരുന്നു.