India

വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടാനൊരുങ്ങി പ്രതിപക്ഷം

ഡൽഹി: പാർലമെന്റിൽ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടാൻ ഒരുങ്ങി പ്രതിപക്ഷം. കോൺഗ്രസും എ.ഐ.എം.ഐ.എമ്മും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ കൂടുതൽ പ്രതിപക്ഷ പാർട്ടികളും കോടതിയെ സമീപിക്കാനാണ് നീക്കം. ഭരണഘടന അനുശാസിക്കുന്ന സമത്വം, മതപരമായ സ്വാതന്ത്ര്യം എന്നിവക്കെതിരെയാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും.

മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ നിയമപദേശം തേടിയതായാണ് വിവരം. നിയമപരമായി ബില്ലിനെ നേരിടുന്നതിനൊപ്പം പ്രതിഷേധവും ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കൊൽക്കത്തയിൽ വൻ പ്രതിഷേധം നടന്നിരുന്നു. ബില്ലിനെതിരെ ഇന്ത്യാ മുന്നണിയുടെ കൂട്ടായ പ്രതിഷേധവും പരിഗണനയിലാണ്.

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിയെ സമീപിച്ചു. കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ് സുപ്രീം കോടതിയിൽ ഹർജി നൽകി. മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ ആക്രമണങ്ങളെ ശക്തമായി എതിർക്കുമെന്ന് ജയ്റാം രമേശ്‌ പറഞ്ഞു. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്ല് പാസായതോടെയാണ് കോൺഗ്രസ് നിയമനടപടിയിലേക്ക് നീങ്ങുന്നത്.

ബില്ലിനെ പിന്തുണച്ച ജെഡിയു നിലപാടിനെതിരെ നേതാക്കൾ രംഗത്തെത്തി. നാലു നേതാക്കൾ രാജി സമർപ്പിച്ചു. രാജിവച്ചവർ പാർട്ടിയിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിരുന്നവരല്ലെന്ന് ജെഡിയു ദേശീയ നേതൃത്വത്തിൻ്റെ വിശദീകരണം. വഖഫ് ബില്ലിന്മേൽ വിശദമായ ചർച്ചകളാണ് നടന്നതെന്നും എന്നിട്ടും പ്രതിപക്ഷം ആരോപണമുന്നയിക്കുകയാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ലോക്സഭയിൽ ആവർത്തിച്ചു.