ജറുസലം: ഗാസയിലെങ്ങും വീടുകളിലും അഭയകേന്ദ്രങ്ങളിലും 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 112 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ തുഫായിൽ അഭയകേന്ദ്രമായ 3 സ്കൂളുകളിൽ നടത്തിയ ആക്രമണങ്ങളിൽ 14 കുട്ടികളും 5 സ്ത്രീകളുമടക്കം 33 പേരാണു കൊല്ലപ്പെട്ടത്. ഇവിടെ 70 പേർക്കു ഗുരുതരമായി പരുക്കേറ്റു. തെക്കൻ ഗാസയിലെ റഫ വളഞ്ഞുവച്ച സൈന്യം, വടക്കൻ ഗാസയിലെ പട്ടണങ്ങളിലും ഒഴിപ്പിക്കൽ തുടങ്ങി. ഈ മേഖലയിൽ കടുത്ത ആക്രമണമുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി. കഴിഞ്ഞ മാസം 18ന് ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചശേഷം 2.80 ലക്ഷം പലസ്തീൻകാർ നിർബന്ധമായി ഒഴിപ്പിക്കപ്പെട്ടുവെന്നാണ് യുഎൻ ഓഫിസ് വ്യക്തമാക്കിയത്. 2023 ഒക്ടോബർ7ന് ശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 61,700 പലസ്തീൻകാർ കൊല്ലപ്പെട്ടു.
ലബനനിലും സിറിയയിലും ഇസ്രയേൽ ആക്രമണം തുടർന്നു. ലബനനിൽ തീരനഗരമായ സിഡോണിൽ പാർപ്പിട സമുച്ചയത്തിനുനേരെയുള്ള ബോംബാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ബെയ്റൂട്ടിലെ ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുല്ല നേതാവ് ഹസൻ ഫർഹത്തും മകനും മകളും കൊല്ലപ്പെട്ടതായി ലബനൻ അധികൃതർ സ്ഥിരീകരിച്ചു. സിറിയയിൽ 9 പേരും കൊല്ലപ്പെട്ടു.