പേരക്കയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പേരക്കയുടെ രുചിയും മണവും നിറവും ആരെയും കൊതിപ്പിക്കും. ശരീരത്തിന്റെ എല്ലാ പോഷക ആവശ്യങ്ങളും നിറവേറ്റാൻ കഴിയുന്ന പോഷകസമൃദ്ധമായ പവർഹൗസ് കൂടിയാണിത്. ഉയർന്ന തോതിൽ വൈറ്റമിൻ എ, സി, വൈറ്റമിൻ ബി2,ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക.100 ഗ്രാം പേരയ്ക്കയിൽ 300 മില്ലിഗ്രാം വിറ്റാമിൻ സി ആണ് അടങ്ങിയിരിക്കുന്നത്. എന്നാൽ പേരയ്ക്ക വെറുംവയറ്റിൽ കഴിക്കാമോ? അറിയാം.
പേരയ്ക്ക പ്രമേഹരോഗികൾക്കും ഉയർന്ന രക്തസമ്മര്‍ദം ഉള്ളവർക്കും ഗുണകരമാണ്. പോഷകഗുണങ്ങൾ ഏറെയുള്ള പേരയ്ക്ക, വെറുംവയറ്റിൽ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ബവൽ മൂവ്മെന്റ് കൃത്യമാകാനും സഹായിക്കും. എന്നാൽ എല്ലാവർക്കും പേരയ്ക്ക വെറുംവയറ്റിൽ കഴിക്കുന്നത് ഗുണം ചെയ്യില്ല, പ്രത്യേകിച്ചും ഉദരപ്രശ്നങ്ങൾ ഉള്ളവർക്ക്.
ഉദരാരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ദഹനപ്രശ്നങ്ങൾ ഉള്ളവരും വെറുംവയറ്റിൽ പേരയ്ക്കയോ നാരകഫലങ്ങളോ കഴിക്കരുത്. ഇത് ഉദരത്തിലെ ആസിഡിന്റെ ഉൽപാദനം കൂട്ടുകയും ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അൾസർ ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. ദഹനപ്രശ്നം ഉള്ളവരിൽ പേരയ്ക്കയിലെ നാരുകളും പ്രശ്നമാകും. പേരയ്ക്ക ദഹിക്കാൻ പ്രയാസം ഉണ്ടാകുമെന്നതിനാൽ ദഹനപ്രശ്നങ്ങൾ ഉള്ളവർ വെറുംവയറ്റിൽ പേരയ്ക്ക കഴിക്കരുതെന്ന് ആയുർവേദവും പറയുന്നു. ദഹനം സുഗമമായി നടക്കുന്നവർക്ക് വെറുംവയറ്റിൽ പേരയ്ക്ക കഴിക്കാവുന്നതാണ്.