മാമ്പഴങ്ങളുടെ കാലമാണ് ഇപ്പോൾ. കുഞ്ഞൻ കണ്ണിമാങ്ങകൾ മുതൽ മധുരമൂറുന്ന മാമ്പഴങ്ങൾ വരെയുള്ള മാങ്ങയുടെ എല്ലാ ഘട്ടവും നമ്മൾ യഥേഷ്ടം പലരൂപത്തിലാക്കി സൂക്ഷിക്കുകയും ഭക്ഷിക്കുകയും ചെയ്യാറുണ്ട്. ഒരു സീസണൽ ഫ്രൂട്ടിന് പുറമേ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഉദര ആരോഗ്യത്തിനും ഊർജ്ജം നിലനിർത്താനും സഹായിക്കുന്ന ധാരാളം പോഷകങ്ങൾ മാങ്ങയിൽ അടങ്ങിയിട്ടുണ്ട്. ചെറിയ മാങ്ങ മുതൽ വലിയ മാങ്ങ വരെ കടകളിൽ ലഭ്യമാണ്. വാങ്ങുന്ന മാങ്ങ സ്വാഭാവികമായി പഴുത്തതാണോ അല്ലയോയെന്ന് സ്വയം കണ്ടെത്താം എന്ന് നോക്കാം.
സ്വാഭാവികമായി പഴുത്ത മാങ്ങയ്ക്ക് പൂർണമായി മഞ്ഞ നിറമുണ്ടാകും. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയിൽ ചില സ്ഥലങ്ങളിൽ മാത്രമാകും മഞ്ഞ നിറം.
കൃത്രിമമായി പഴുപ്പിച്ചവയിൽ കറുത്ത പാടുകൾ ഉണ്ടാകും
മാങ്ങയിൽ ലഭിക്കുന്ന സ്വാഭാവികമായ പഴുത്ത മണവും മധുരവും കൃത്രിമമായി പഴുപ്പിച്ചവയിൽ ലഭിക്കില്ല
സ്വാഭാവികമായി പഴുത്ത മാങ്ങ എളുപ്പത്തിൽ മുറിക്കാനാകും. എന്നാൽ മറ്റുള്ളവ എളുപ്പത്തിൽ മുറിക്കാൻ സാധിക്കില്ല
കൃത്രിമമായി പഴുപ്പിച്ച മാങ്ങ വെള്ളം നിറഞ്ഞ ബക്കറ്റിൽ പൊങ്ങിക്കിടക്കും. എന്നാൽ മറ്റുള്ളവ വെള്ളത്തിൽ മുങ്ങി അടിയിലേക്കു പോകും.
രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ ഗുണങ്ങളെക്കാളേറെ ദോഷഫലങ്ങളാണ് മനുഷ്യരിൽ ഉണ്ടാക്കുക. മാമ്പഴം പെട്ടെന്നു പഴുക്കാൻ കാൽസ്യം കാർബൈഡ്, ആഴ്സനിക്, ഫോസ്ഫറസ് എന്നീ രാസവസ്തുക്കളാണു പ്രധാനമായും ചേർക്കുന്നത്.
ഇവ കഴിക്കുന്നത് ത്വക്ക് രോഗം, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കു പുറമേ അർബുദത്തിനു വരെ കാരണമാകും. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ വിഷാംശം കലർന്ന പഴങ്ങൾ കഴിച്ചാൽ മരണം സംഭവിക്കാനും സാധ്യതയുണ്ട്.