ഇത് മാമ്പഴക്കാലമാണ്. നിരത്തിലും കടകളിലുമൊക്കെ മാമ്പഴവിൽപ്പന സജീവമാകുന്നു. മാവ് കായ്ച്ചുനിൽക്കുന്ന വീടുകളാണ് ചുറ്റും. വേനൽക്കാലം മാമ്പഴങ്ങളുടെ കാലമാണ്. പച്ചമാങ്ങയും പഴുത്ത മാങ്ങയും എല്ലാം സുലഭമായി ലഭിക്കും. എന്നാൽ പച്ചമാങ്ങയാണോ പഴുത്ത മാങ്ങയാണോ പോഷക ഗുണങ്ങളിൽ മുന്നിൽ എന്ന് നോക്കാം ?.
ബീറ്റാ കരോട്ടിൻ പോലുള്ള ചില ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പഴുത്ത മാങ്ങ, ഇതാണ് അവയ്‌ക്ക് ഓറഞ്ച്-മഞ്ഞ നിറം നൽകുന്നത്. കരോട്ടിനോയിഡുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, ചിലതരം കാൻസറുകളിൽ നിന്നുമെല്ലാം സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റി ഓക്‌സിഡൻ്റുകളാണ്. പഴുത്ത മാമ്പഴത്തിൽ ഉയർന്ന വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ആരോഗ്യകരമായ കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം, ചർമ്മത്തിൻ്റെ ആരോഗ്യം എന്നിവ നിലനിർത്തുന്നതിന് അത്യാവശ്യമാണ്. എന്നിരുന്നാലും പഴത്ത മാങ്ങയിൽ പ്രകൃതിദത്ത പഞ്ചസാരയുടെ അളവു വളരെ കൂടുതലായിരിക്കും.
പഴുത്ത മാമ്പഴങ്ങളെ അപേക്ഷിച്ച് പച്ചമാങ്ങായിൽ വിറ്റാമിൻ സിയും അസിഡിറ്റിയും നാരുകളും കൂടുതലാണ് അതുകൊണ്ട് തന്നെ ദഹനപ്രക്രീയ അത് മെച്ചപ്പെടുത്തുന്നു. കൂടാതെ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു. ഇതിൽ അടങ്ങിയ വിറ്റാമിൻ സി പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പച്ചമാങ്ങയ്‌ക്കുണ്ട്.