ഈ അച്ചാറുണ്ടെങ്കിൽ ചോറിന് പിന്നെ മറ്റൊന്നും വേണ്ട. വളരെ രുചികരമായി പെട്ടെന്ന് തന്നെ തയ്യാറാക്കാം. ഒരു കിടിലൻ കണ്ണി മാങ്ങാ അച്ചാർ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കണ്ണിമാങ്ങ – 1കിലോ
- കാശ്മീരി മുളകുപൊടി- 2 ടേബിൾസ്പൂൺ
- മുളകുപൊടി -3ടേബിൾസ്പൂൺ
- കായം പൊടി -1/3 ടീസ്പൂൺ
- ഉലുവപ്പൊടി _1/3 ടീസ്പൂൺ
- കടുകുപൊടിച്ചത് -100 ഗ്രാം
- ഉപ്പ് -150 ഗ്രാം
- നല്ലെണ്ണ – 2ടേബിൾസ്പൂൺ
- വിനാഗിരി -1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
കണ്ണിമാങ്ങ ഞെട്ടോടു കൂടി തന്നെ കഴുകി വൃത്തിയാക്കി തുടച്ചു ഉപ്പും പുരട്ടി ഒരു ഭരണിയിൽ ഇട്ടുവയ്ക്കുക. ഭരണി മൂടിക്കെട്ടി വെക്കണം. നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കി കൊടുത്താൽ ഉത്തമം. ഉപ്പുവെള്ളം മാങ്ങയിൽ നിന്നും ഊറി മാങ്ങയ്ക്ക് മുകളിൽ വരുമ്പോൾ മാങ്ങ ചുളിഞ്ഞു വരും. കൂടുതൽ ദിവസം വച്ചാൽ അത്രയും നല്ലത്. ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് എല്ലാ പൊടികളും ചൂടാക്കി തീ ഓഫ് ചെയ്തു വയ്ക്കുക.
ഭരണിയിൽ നിന്ന് ഉപ്പുവെള്ളവും മാങ്ങയും വേർതിരിച്ചെടുക്കുക. ഉപ്പുവെള്ളം ആവശ്യത്തിന് എടുത്ത് അതിലേക്ക് ചൂടാക്കിയ പൊടികൾ, ഒരു ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ചേർത്ത് നന്നായി ഇളക്കുക. മാങ്ങ അതിലേക്ക് ചേർത്ത് ഇളക്കി ഭരണിയിലേക്ക് ഇടുക. ഒരു വാഴയിലയിൽ നല്ലെണ്ണ ഇരുപുറവും നന്നായി തേച്ചുപിടിപ്പിച്ച് ഭരണിയിലേക്ക് ഇറക്കി ഇടുക. വീണ്ടും അടച്ച് മൂടിക്കെട്ടി വയ്ക്കുക. ഒരു ദിവസംകഴിജു ഇത് തുറക്കാം. അടിപൊളി കണ്ണിമാങ്ങ അച്ചാർ റെഡി.