Kerala

ആശ സമരത്തെ ഐഎന്‍ടിയുസി ഒറ്റുന്നു; വിമർശിച്ച് സമരസമിതി | Asha workers protest

തിരുവനന്തപുരം: പ്രതിപക്ഷം സമരത്തിനൊപ്പം നില്‍ക്കുമ്പോള്‍ ഐഎന്‍ടിയുസി സമരത്തെ ഒറ്റുന്നുവെന്ന് സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍. ചര്‍ച്ചയിലും ഐഎന്‍ടിയുസി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചെന്നും സര്‍ക്കാര്‍ നടപ്പാക്കുന്നത് ആര്‍ ചന്ദ്രശേഖരന്റെ നിലപാടാണെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു.

സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന യൂണിയനുകളുടെ നിലപാടാണ് ചന്ദ്രശേഖരന്‍ സ്വീകരിച്ചതെന്ന് സമരസമതി നേതാവ് എസ് മിനി പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാടെങ്കിലും പക്ഷേ, അതിനൊരു കമ്മിറ്റി ഉണ്ടാക്കണമെന്ന സര്‍ക്കാരിന്റെ അഭിപ്രായത്തിനൊപ്പമാണ് നിന്നത്.

അതിന് തയ്യാറല്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. പാവപ്പെട്ട ആശ വര്‍ക്കര്‍മാര്‍ വേതനം ആവശ്യപ്പെടുമ്പോള്‍ കമ്മിറ്റി തീരുമാനിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. അതിനൊപ്പം ചേരുന്ന എല്ലാവരെയും തൊഴിലാളി വിരുദ്ധരായാണ് കാണുന്നതെന്നും മിനി പറഞ്ഞു.