Health

ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ?

വേനല്‍ക്കാലം ആരംഭിച്ചിരിക്കുകയാണ്. ഇതോടെ വീടുകളിലെ ഫ്രിഡ്ജിന്റെ ഉപയോഗവും വര്‍ധിച്ചു. വേനല്‍ക്കാലത്ത് ഭക്ഷണം കേടാകാതെ സൂക്ഷിക്കാനുള്ള ഏക മാര്‍ഗം ഫ്രിഡ്ജാണ്. ആളുകള്‍ ഭക്ഷണം പാകം ചെയ്യുകയും അത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. മിക്കവരും ആട്ടിയ മാവും, പച്ചക്കറികകളും പാകം ചെയ്ത ഭക്ഷണവുമൊക്കെ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഫ്രിഡ്ജില്‍ ദീര്‍ഘനേരം ഭക്ഷണം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമായേക്കാം.

എല്ലായ്‌പ്പോഴും പുതിയ പുതിയ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമമെന്നാണ് ഡോക്ടര്‍മാരും പോഷകാഹാര വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ഒരു പരിധി വരെ ശരിയാണെന്നും എന്നാല്‍ ദീര്‍ഘനേരം സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിച്ചാല്‍ അതിന്റെ പോഷകങ്ങള്‍ നഷ്ടമാകുമെന്നും ഡോക്ടര്‍മാർ പറയുന്നു.

ദീര്‍ഘനേരം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണം കഴിക്കുന്നത് അസിഡിറ്റി, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ഇതോടൊപ്പം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികളുമുണ്ട്. ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി എന്നിവ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ദോഷകരമാണ്.

മുട്ട ഒരിക്കലും വീണ്ടും ചൂടാക്കരുത്. കാരണം മുട്ടയില്‍ കാണുന്ന വലിയ അളവിലുള്ള പ്രോട്ടീന്‍ ഒരിക്കൽ കൂടി ചൂടാക്കുമ്പോള്‍ വിഷകരമായി മാറുന്നു. കൂടാതെ ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യുന്നു.

ചീര അല്ലെങ്കിൽ പച്ച ഇലക്കറികൾ, കാരറ്റ്, സെലറി എന്നിവ വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക. നൈട്രേറ്റ് സമ്പന്നമായ പച്ചക്കറികൾ വീണ്ടും ചൂടാക്കുമ്പോൾ വിഷലിപ്തമാവും. ചീരയിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ ചീര പാകം ചെയ്തതിന് ശേഷം വീണ്ടും ചൂടാക്കുന്നത് അതിലെ ഇരുമ്പിനെ ഓക്സിഡൈസ് ചെയ്യും.

നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ചിലത് വീണ്ടും ചൂടാക്കിയതിനുശേഷം ഭക്ഷ്യയോഗ്യമായിരിക്കില്ല. കാരണം അവയുടെ പോഷക മൂല്യം നഷ്ടമായിട്ടുണ്ടാകും. മാത്രവുമല്ല ചിലത് ചൂടാക്കുമ്പോൾ വിഷലിപ്തമാവുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം ചൂടാക്കി കഴിക്കുന്നത് നല്ലതായിരിക്കില്ല.