സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027സാമ്പത്തിക വര്‍ഷത്തോടെ7,000 മെഗാവാട്ട് കവിയുമെന്ന് എനര്‍ജിമാനേജ്മെന്റ് സെന്ററിന്റെ ഊര്‍ജ സംഭരണത്തിന്റെ പ്രായോഗികതയെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട്. വൈകുന്നേരം 6 മണി മുതല്‍ രാത്രി 12 വരെയാണ് പീക്ക് ടൈമായി കണക്കാക്കുന്നത്. 2024സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഏകദേശം 5,300മെഗാവാട്ട് ആയിരുന്നു. വൈദ്യുത വാഹന ചാര്‍ജിംഗും എയര്‍ കണ്ടീഷനിംഗ് ഉപയോഗവും വര്‍ധനവിന്റെ പ്രധാന കാരണങ്ങളാണ്.
പീക്ക് ഡിമാന്‍ഡ് വര്‍ധനവിന്റെ 60ശതമാനം പ്രതീക്ഷിക്കുന്നത് ഈ മേഖലയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വെല്ലുവിളികളെ നേരിടാന്‍, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ (BESS),പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകള്‍ (PSP)എന്നിവയുടെ വലിയ തോതിലുള്ള വിന്യാസം ആവശ്യമാണെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു. സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയെയും ഗ്രിഡ് സ്ഥിരത വെല്ലുവിളികളെയും നേരിടാന്‍ ഊര്‍ജ സംഭരണ സംവിധാനങ്ങളുടെ (ESS)സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി എനര്‍ജിമാനേജ്മെന്റ് സെന്റര്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ് തയ്യാറായത്.
ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന് റിപ്പോര്‍ട്ട് കൈമാറി. പുനരുപയോഗ ഊര്‍ജ വിന്യാസത്തിലും ഇലക്ട്രിക് വാഹന (EV)സ്വീകാര്യതയിലും കേരളം അതിവേഗ വളര്‍ച്ച കൈവരിക്കുന്നതിനാല്‍ പീക്ക് പവര്‍ ഡിമാന്‍ഡ് ഗണ്യമായി വര്‍ദ്ധിച്ചതായി പഠനം വ്യക്തമാക്കുന്നു. ബാറ്ററി സംഭരണം ചെലവ് കുറഞ്ഞതും സാധ്യമായതുമായ ഒരു പരിഹാരമായി നിലവില്‍ മാറിയിട്ടുണ്ട്. നിലവിലെ കേരളത്തിന്റെ പീക്ക് ഡിമാന്‍ഡ് അനുസരിച്ച് 7GWh ല്‍കൂടുതല്‍ ഊര്‍ജ സംഭരണ ശേഷി സംസ്ഥാനത്തുണ്ടാകണം.
ബാറ്ററി ചെലവ് കുറയുന്നതും പ്രാദേശികമായി പ്രയോജനപ്പെടുത്താവുന്നതും ഇതിന് അനുകൂല ഘടകങ്ങളാണ്. കേരളത്തിലെ നിലവിലുള്ള വൈദ്യുതി സംഭരണ സംവിധാനങ്ങളില്‍ സൗരോര്‍ജം ഉപയോഗിക്കുന്നത് കൂടുതല്‍ ചെലവ് കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരിയായ സംഭരണ സാങ്കേതികവിദ്യ തിരഞ്ഞെടുക്കല്‍,സംഭരണ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതനമായ നയങ്ങള്‍, സംരംഭങ്ങള്‍ എന്നിവ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകളാണ്.
കേരളത്തിന്റെ ഊര്‍ജ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ ഊര്‍ജ സംഭരണ പരിഹാരങ്ങളില്‍ സംസ്ഥാനത്തെ മാതൃകയാക്കി മാറ്റുന്നതിനുള്ള ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് എനര്‍ജിമാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ പഠനം നടത്തിയത്.
CONTENT HIGH LIGHTS;Peak time electricity consumption to exceed 7000 MW: EMC study report; Battery energy storage systems and pumped storage projects are needed to meet the challenge; Report submitted to the government