പഴം മിക്കവർക്കും പ്രിയമാണ്. ധാരാളം പോഷക ഗുണങ്ങളാൽ സമ്പന്നമാണ് പഴം. റോബസ്റ്റയും ഏത്തപ്പഴവും പൂവൻപഴവുമൊക്കെ കഴിക്കാറുണ്ട്, ഇതിൽ തന്നെ കാലറി കൂടിയതും കുറഞ്ഞതുമൊക്കെയുണ്ട്. വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ഹൃദയത്തിന് പ്രധാനമാണ് പൊട്ടാസ്യം. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കുന്നു.
പക്ഷെ, പഴം പെട്ടന്ന് കേടായി പോകും എന്നതാണ് മിക്കവരുടെയും പ്രശ്നം. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ചീഞ്ഞു പോകുകയോ കറുത്ത പാടുകൾ വരികയോ ചെയ്യും. ഇങ്ങനെ വരുമ്പോൾ കഴിക്കാനും പറ്റില്ല. എങ്കിൽ പഴം കേടുകൂടാതെ സൂക്ഷിക്കാൻ ചില വഴികൾ ഉണ്ട്.
സാധാരണയായി മിക്ക വീടുകളിലും പഴം വാങ്ങിയാൽ അത് ഏതെങ്കിലും പാത്രത്തിലാകും സൂക്ഷിക്കുന്നത്. ഇങ്ങനെ വയ്ക്കുമ്പോൾ അത് കേടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനു പകരം വാഴപ്പഴത്തിന്റെ തണ്ടിൽ കയറോ നൂലോ കെട്ടി അടുക്കളയിൽ എവിടെയെങ്കിലും തൂക്കിയിടുക.
കടയിൽ നിന്നും പഴം വാങ്ങുമ്പോൾ ശ്രദ്ധിക്കണം. പച്ച നിറത്തിലുള്ളതോ അധികം പഴുക്കാത്തതോ കറുത്ത പാടുകളില്ലാത്തതോ ആയ പഴം വേണം നോക്കി വാങ്ങാൻ.
മറ്റ് സാധനങ്ങൾക്കൊപ്പം പഴം സൂക്ഷിക്കാതിരിക്കുക. അതായത് മറ്റ് ഫലങ്ങളുടെ കൂടെയോ പച്ചക്കറികൾക്കൊപ്പമോ വയ്ക്കരുത്.
പഴം ഒട്ടും പറ്റിയ ഇടമല്ല ഫ്രിജ്. തണുപ്പായതിനാൽ ഫ്രിജിൽ വച്ചാൽ പഴം കേടാകാൻ മാത്രമെ സാധ്യതയുള്ളൂ. മുറിയിലെ താപനിലയിൽ ഫ്രിജിന് പുറത്തു വയ്ക്കുന്നതാണ് ഏറ്റവും നല്ലത്.