ആരോഗ്യത്തിന് ഏറെ നല്ലതാണ് ബദാമെന്ന് പറയേണ്ട ആവശ്യമിലല്ലോ. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, വൈറ്റമിൻ, ധാതുക്കൾ തുടങ്ങി പലതും ബദാമിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ബദാം കഴിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ ബദാമിന് കഴിയാറുണ്ട്. ആരോഗ്യകരമായ ഭാരം നിലനിർത്താൻ, എല്ലുകൾക്കും, തലച്ചോറിനുമൊക്കെ ബദാം നല്ലതാണ്. എന്നാൽ ബദാം എങ്ങനെ കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് പലർക്കും അറിയില്ല.
ബദാം മിക്കവരും രാത്രിയിൽ വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ കഴിക്കുകയാണ് പതിവ്. എന്നാൽ എത്ര മണിക്കൂർ ബദാം വെള്ളത്തിൽ കുതിർക്കണം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചിലർ വെള്ളത്തിലിടൻ മറന്നുപോയെങ്കിൽ ചെറുചൂടുവെള്ളത്തിലിട്ടും തൊലികളഞ്ഞ് ബദാം കഴിക്കാറുണ്ട്. ബദാം ദിവസവും എട്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴിക്കുന്നതാണ് നല്ലത്.
ബദാം കുതിർക്കാൻ അനുയോജ്യമായ സമയം 8 മുതൽ 12 മണിക്കൂർ വരെയാണ്. ബദാം കുതിര്‍ക്കുന്നത് അവയുടെ ഘടനയെ മൃദുവാക്കുകയും ദഹനവ്യവസ്ഥയെ എളുപ്പമാക്കുകയും ചെയ്യും. ഈ സമയപരിധി സാധാരണയായി ബദാം റീഹൈഡ്രേറ്റ് ചെയ്യുന്നതിനും മുളയ്ക്കുന്ന പ്രക്രിയ ആരംഭിക്കുന്നതിനും അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു, ഇത് അവയുടെ പോഷക ഗുണങ്ങൾ വർദ്ധിപ്പിക്കും.
ചില ഭക്ഷണസാധനങ്ങൾക്ക് ഒപ്പം ബദാം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്കും രുചി വൈവിധ്യങ്ങൾക്കും കാരണമാകാറുണ്ട്. അതുകൊണ്ടു തന്നെ ബദാമിനൊപ്പം കഴിക്കാൻ ചില ഭക്ഷണസാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. അസിഡിറ്റിയുള്ള ഭക്ഷണസാധനങ്ങളും ഉയർന്ന പ്രോട്ടീനുള്ള ഭക്ഷണങ്ങളും ബദാമിനൊപ്പം കഴിക്കരുത്. ആയുർവേദത്തിൽ തന്നെ വിരുദ്ധാഹാരങ്ങൾ ഒരുമിച്ച് കഴിക്കരുതെന്ന് പറയാറുണ്ട്. വിരുദ്ധാഹാരങ്ങൾ ഒരുമിച്ച് കഴിക്കുന്നത് സുഗമമായ ദഹനത്തെ തടസ്സപ്പെടുത്തും.
പ്രധാനമായും തൈരുമായി ബദാം ചേർത്ത് കഴിക്കാൻ പാടില്ല. കൂടാതെ ഉപ്പ് ചേർത്തോ അസിഡിക് ഭക്ഷണത്തിന് ഒപ്പമോ ബദാം കഴിക്കാൻ പാടില്ല. തലേദിവസം വെള്ളത്തിൽ കുതിർത്ത് വെച്ചതിനു ശേഷം രാവിലെ തൊലി കളഞ്ഞ് വേണം ബദാം കഴിക്കേണ്ടതെന്നാണ് ആയുർവേദത്തിൽ പറയുന്നത്.
സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയ്ക്കൊപ്പം ബദാം കഴിക്കരുത്. അതുപോലെ ബദാമും പാൽ ഉൽപന്നങ്ങളും ഒരുമിച്ച് കഴിക്കുന്നത് ദഹനത്തെ ബാധിക്കും. പാലിൽ അടങ്ങിയിരിക്കുന്ന കസീൻ എന്ന പ്രോട്ടീൻ ബദാമിലെ അയൺ, മഗ്നീഷ്യം പോലുള്ള ചില മിനറൽസുമായി ചേരില്ല.