Thiruvananthapuram

ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം 55 ദിവസം പിന്നിടുന്നു: ഇനി ചര്‍ച്ച വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ്

ന്യായമായ ആവശ്യങ്ങളുന്നയിച്ച് ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം 55 ദിവസം പിന്നിടുമ്പോള്‍ ഇനി ചര്‍ച്ച വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് ജനാധിപത്യ വിരുദ്ധവും ധാര്‍ഷ്ട്യവുമാണെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍. നിരാഹാര സമരം തുടങ്ങിയിട്ട് 16 ദിവസം പിന്നിടുന്നു. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനവടക്കം പഠിക്കാന്‍ മൂന്ന് മാസത്തെ സമയപരിധി വച്ച് കമ്മിറ്റിയെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം ആശാവഹമല്ല.

രണ്ടു മാസത്തിനോടടുത്ത് പിന്നിടുന്ന സമരത്തില്‍ നിന്ന് ആശാവര്‍ക്കര്‍മാരെ പിന്തിരിപ്പിക്കാനുള്ള ചെപ്പടി വിദ്യയായി മാത്രമേ ഇതിനേ കാണാനാകൂ. ഈ വ്യവസ്ഥ അംഗീകരിക്കാത്തതുകൊണ്ട് ചര്‍ച്ചയില്ല എന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിലപാട് വഞ്ചാനാപരമാണ്. തുടക്കം മുതല്‍ അവരുടെ ന്യായമായ ആവശ്യങ്ങളെ വിലകുറച്ചുകാണാനും അധിക്ഷേപിക്കാനും സമരം പൊളിക്കാനുമുള്ള നീക്കമാണ് സര്‍ക്കാരും സിപിഎമ്മും സ്വീകരിക്കുന്നത്.

കൊവിഡ് മഹാമാരി കാലത്തുള്‍പ്പെടെ ആരോഗ്യ സേവന മേഖലയില്‍ സജീവമായി ഇടപെട്ടുവന്ന ആശാവര്‍ക്കര്‍മാരോട് മനുഷ്യത്വപരമായ സമീപനം ഉണ്ടാകണം. ജീവിത ശൈലീ രോഗങ്ങള്‍ വ്യാപകമാകുന്ന ഇക്കാലത്ത് ആശാ വര്‍ക്കര്‍മാര്‍ മുഴുസമയ കഠിനാധ്വാനം ചെയ്യേണ്ട സാഹചര്യമാണ്. അവരുടെ സേവനങ്ങളെ വിലകുറച്ചു കാണുന്ന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണ്.

വീട്ടമ്മമാരുള്‍പ്പെടെ സെക്രട്ടറിയേറ്റിനു മുമ്പില്‍ നീതിക്കായി സഹനസമരം ചെയ്യേണ്ടി വരുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാവാനും സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിന് ആവശ്യമായ സത്വര ഇടപെടല്‍ നടത്താനും സര്‍ക്കാരും ആരോഗ്യവകുപ്പും തയ്യാറാവണമെന്ന് റൈഹാനത്ത് സുധീര്‍ ആവശ്യപ്പെട്ടു.

CONTENT HIGH LIGHTS;Asha workers’ day-night strike completes 55 days: Women India Movement says government’s stance of no further discussion is anti-democratic

Latest News