മധുര: വഖഫ് ഭേദഗതി ബില്ലിനെതിരെ സിപിഐഎം പാർട്ടി കോൺഗ്രസിൽ പ്രമേയം. പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയാണ് പ്രമേയം അവതരിപ്പിച്ചത്.
ഭരണഘടന വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ബില്ലാണ് വഖഫ് നിയമ ഭേദഗതിയെന്ന് സുഭാഷിണി അലി പറഞ്ഞു. പാർലമെന്റിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എടുത്ത നിലപാട് ദൗർഭാഗ്യകരമാണെന്നും സുഭാഷിണി അലി പറഞ്ഞു.
ഇക്കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ ക്കൊടുവിലായിരുന്നു നടപടി. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ആഞ്ഞടിച്ചു. ലോക്‌സഭയില്‍ കെ രാധാകൃഷ്ണന്‍, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ വോട്ടെടുപ്പ് നടന്നു.
288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയും ബില്‍ ലോക്‌സഭയില്‍ പാസാക്കുകയുമായിരുന്നു.