Health

ചൂട് ചായ കുടിക്കല്ലേ… പൊള്ളുന്ന ചായയിൽ പതുങ്ങിയിരിക്കുന്നു ഈ അപകടം.

ചൂട് കൂടുതലുള്ള പാനീയങ്ങൾ കാൻസറിന് കാരണമായേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്

ചുട് ചായ ഊതി ഊതി കുടിക്കുന്നതാണ് ​ഗുപ്തനിഷ്ടം. ഒരു സിനിമയിലെ ഡയലോ​ഗാണ് ഇത്. അല്ലെങ്കിലും ചായ കുറച്ചൊന്ന് ആറിയാൽ ദേഷ്യം വരുന്നവരെ നമ്മുടെ നിത്യ ജീവിതത്തിൽ കാണാം. എന്നാൽ അതത്ര നല്ല ശീലമല്ലെന്നാണ് ഇപ്പോൾ ചില പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.ചൂട് കൂടുതലുള്ള പാനീയങ്ങൾ കാൻസറിന് കാരണമായേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.. അന്നനാളത്തെ ബാധിക്കുന്ന അപൂർവമായ ഒസോഫൊജിയൽ കാൻസറിനാണ് ചൂട് കാരണമാകുന്നത്.ഗവേഷണ പഠനങ്ങളുടെ സമന്വയമായ മെറ്റ-അനാലിസിസുകളുടെ ഗവേഷണ പ്രകാരമാണ് ഈ കാൻസർ വരാൻ ചൂട് പാനീയങ്ങൾ കുടിക്കുന്നവർക്കുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്.ചൂട് ചായ കുടിക്കുന്നത് നാക്കിനെ പൊള്ളിക്കാറുള്ളത് പോലെ അന്നനാളത്തിനും പോറലേൽപ്പിക്കുന്നുണ്ട്. എന്നാൽ ആവർത്തിച്ചവർത്തിച്ച് ചൂട് ദ്രാവകങ്ങൾ കുടിക്കുന്നത് കാൻസറിന് കാരണമാകുന്നു.അമിതമായി ചൂടുള്ള പദാർഥങ്ങൾ കഴിക്കുമ്പോഴും കുടിക്കുമ്പോഴും അന്നാളത്തിന്റെ ആവരണമാണ് ചൂട് ആഗിരണം ചെയ്യുന്നത്. അമിതമായ ചൂട് അങ്ങനെ ആവരണത്തിൽ പോറലുണ്ടാക്കുന്നു.വീണ്ടും വീണ്ടും ചൂട് കുടിക്കുന്നവരിൽ ഈ പോറലുകൾ ഉണങ്ങില്ല.ഇത് വീക്കത്തിനും കോശങ്ങൾ നശിക്കുന്നതിനും അതിലൂടെ കാൻസറിനും കാരണമായേക്കാം.