ആമയിഴഞ്ചാന്‍ തോട്ടില്‍ റയില്‍വേ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും വ്യക്തികളും മാലിന്യം നിക്ഷേപിക്കുകയാണെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ജൂലായില്‍ മാലിന്യം നീക്കാനിറങ്ങിയയാള്‍ മരിച്ച ശേഷം തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് ഐ.ജി യുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണവിഭാഗം നേരിട്ട് അന്വേഷിക്കുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ ആരൊക്കെയാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നത്, പോലീസിന്റെ പ്രത്യേക ശ്രദ്ധ ഇവിടെ ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ നേരിട്ട് അന്വേഷിച്ച് സമഗ്രമായ ഒരു റിപ്പോര്‍ട്ട് രണ്ടു മാസത്തിനുള്ളില്‍ കമ്മീഷനിലെ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം നഗരസഭാസെക്രട്ടറിയും ബന്ധപ്പെട്ട ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറും വേണ്ട സഹായം അന്വേഷണ ഉദ്യോഗസ്ഥന് നല്‍കണം.
നഗരസഭാ സെക്രട്ടറിയെയും റയില്‍വെ ഡിവിഷണല്‍ മാനേജരെയും ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറെയും അന്വേഷണ ഉദ്യോഗസ്ഥന്‍ നേരില്‍ കേള്‍ക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. തോടും പരിസരവും പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്തരവില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. പത്രവാര്‍ത്താ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
CONTENT HIGH LIGHTS; Is there still garbage dumping in Amayizhanchan Thot? The Human Rights Commission will directly investigate