ആവശ്യമുള്ള സാധനങ്ങള്‍:
അടയ്ക്ക്:
ഉണക്കലരി : 250 ഗ്രാം
(പായസത്തിന് പ്രത്യേകമായി കിട്ടുന്ന നുറുങ്ങലരിയാണ് ഫോട്ടോയിലുള്ളത്.പാലടയ്ക്ക് നുറുങ്ങലരി തന്നെ വേണമെന്ന്‍ നിര്‍ബ്ബന്ധമില്ല.)
നെയ്യ് : 1 സ്പൂണ്‍
വെള്ളം
വാഴയില
പായസത്തിന്:
പാല്‍ : 3 ലിറ്റര്‍
പഞ്ചസാര : അര മുതല്‍ മുക്കാല്‍ കിലോ വരെ.
നെയ്യ് : 1- 2 സ്പൂണ്‍
ഉണ്ടാക്കുന്ന വിധം:
ഉണക്കലരി കഴുകി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം ഊറ്റിയെടുത്ത് വെള്ളം വലിയാനായി ഒരു ന്യൂസ്‌പേപ്പറില്‍ പരത്തിയിടുക. നന്നായി വലിഞ്ഞശേഷം മിക്സിയിലിട്ട് പൊടിച്ച് അരിച്ചെടുക്കുക. ഒട്ടും തരിയില്ലാത്ത, മിനുസമുള്ള പൊടിയായിരിക്കണം(ഉണക്കലരി പെട്ടെന്ന് പൊടിഞ്ഞുകിട്ടും).
ഈ പൊടി വെള്ളം ഒഴിച്ച്,ഒരു സ്പൂണ്‍ നെയ്യ് ഉരുക്കിയതും ചേര്‍ത്ത് അയവില്‍ കലക്കി വയ്ക്കുക.
വാഴയില നന്നായി തുടച്ചെടുത്ത്, കഷ്ണങ്ങളാക്കി, ഒന്നു വാട്ടിയെടുക്കുക.
ഓരോ കഷ്ണങ്ങളിലും അരിവാവ് അണിയുന്നതുപോലെ ഒഴിയ്ക്കുക(കൈപ്പത്തി അരിമാവില്‍ മുക്കി വിരലുകളുടെ അറ്റം കൊണ്ട് ഒഴിയ്ക്കല്‍) .
ഇതിനെ ഒന്നുകൂടി കനം കുറയ്ക്കാനായി വേണമെങ്കില്‍ വിരലുകള്‍ കൊണ്ട് ഒന്നു നേര്‍പ്പിക്കുകയും ചെയ്യാം. ദാ, ഇതുപോലെ:
അതിനുശേഷം ഓരോ ഇലയും തെറുത്തെടുക്കുക
തെറുത്തെറുത്ത ഇലക്കഷ്ണങ്ങള്‍ തിളയ്ക്കുന്ന വെള്ളത്തിലേയ്ക്കിട്ട് വേവിച്ചെടുക്കുന്നതാണ് ശരിയായ രീതി. പക്ഷേ അത് വളരെ ബുദ്ധിമുട്ടുള്ള പണിയാണെന്നു മാത്രമല്ല, നല്ല പരിചയവും അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ആകെ കുളമാവും. നമുക്ക് തല്‍ക്കാലം എളുപ്പപ്പണി ചെയ്യാം:
ഇലച്ചുരുളുകള്‍ കുക്കറിന്റെ തട്ടിലോ ഇഡ്ഡലിത്തട്ടിലോ നിരത്തിവച്ച് ആവിയില്‍ വേവിച്ചെടുക്കുക.അധിക സമയമൊന്നും വേണ്ടിവരില്ല. പെട്ടെന്ന് വേവും.
വെന്തശേഷം നന്നായി തണുക്കാന്‍ അനുവദിയ്ക്കുക(ഇത് വളരെ പ്രധാനമാണ്). പിന്നീട് ഇലച്ചുരുളുകള്‍ നിവര്‍ത്തി മാവ് (അട) അടര്‍ത്തിയെടുക്കുക.
ഈ അടകളെ കഴിയുന്നത്ര ചെറുതായി നുറുക്കിയെടുക്കുക.എത്ര ചെറുതാക്കുന്നോ, അത്രയും നല്ലത്.
അങ്ങനെ അട തയ്യാറായി.
ഇനി പായസം ഉണ്ടാക്കാം.
പാലില്‍ നിന്ന് പകുതിയെടുത്ത് നന്നായി തിളച്ചുവരുമ്പോള്‍ തയ്യാറാക്കിയ അട സാവധാനം ഇടുക.തുടരെ ഇളക്കുക.
കുറച്ചു നേരം കഴിയുമ്പോള്‍ അടയും പാലും നന്നായി യോജിച്ചുവരും.
ഈ ഘട്ടത്തില്‍ ബാക്കിയുള്ള പാല്‍ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ പഞ്ചസാരയും ചേര്‍ക്കുക.(പഞ്ചസാര മുഴുവന്‍ അളവും ആദ്യം തന്നെ ഇടരുത്. കുറേശ്ശേ ചേര്‍ത്ത് അവരവരുടെ പാകത്തിന് ക്രമീകരിയ്ക്കുക). തുടരെ ഇളക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ പാല്‍ പാട കെട്ടും. നെയ്യ് പലതവണകളായി ചേര്‍ത്തുകൊടുക്കുക.എല്ലാം കൂടി നന്നായി യോജിച്ച് കുറുകുന്ന പരുവത്തില്‍ വാങ്ങിവയ്ക്കുക. പായസം തണുക്കുമ്പോള്‍ ഒന്നുകൂടി കട്ടിയാവും.അതുകൊണ്ട് അധികം കുറുകാത്ത പരുവത്തില്‍ വേണം വാങ്ങാന്‍.
പാട കെട്ടാതിരിയ്ക്കാനായി പായസം വാങ്ങിവച്ച ശേഷവും കുറച്ചുനേരം ഇളക്കിക്കൊടുക്കണം.
പാലട റെഡി !!