Kerala

സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവ് ആത്മഹത്യചെയ്ത സംഭവം; രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ – adivasi youth suicide at police station

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ജാഗ്രതക്കുറവു മൂലം സുരക്ഷ ഉറപ്പാക്കുന്നതിൽ അനാസ്ഥയുണ്ടായി എന്ന കാരണത്താലാണ് സസ്പെൻഷൻ

ആദിവാസി യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിക്കാനിടയായ സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എഎസ്‌ഐ ദീപ, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ജാഗ്രതക്കുറവു മൂലം സുരക്ഷ ഉറപ്പാക്കുന്നതിൽ അനാസ്ഥയുണ്ടായി എന്ന കാരണത്താലാണ് സസ്പെൻഷൻ.

അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി വീട്ടില്‍ ഗോകുലാണ് കല്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍തൂങ്ങിമരിച്ചത്. കസ്റ്റഡിയിലായിരുന്ന ഗോകുല്‍ ശിചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടെന്നും വൈകിയിട്ടും കാണാത്തതിനെ തുടർന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് ധരിച്ചിരുന്ന ഫുള്‍കൈ ഷര്‍ട്ട് ഊരി ശൗചാലയത്തിലെ ഷവറില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കൂടാതെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സംഘം തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

STORY HIGHLIGHT: adivasi youth suicide at police station