കേരളത്തിന് പുതിയ മെഡിക്കൽ കോളേജ് അനുവദിക്കാനാവില്ലെന്ന് കേന്ദ്രം.പകരം നിലവിലുള്ള കോളേജുകളിൽ മെഡിക്കൽ സീറ്റ് വർധിപ്പിക്കാമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.ഇക്കാര്യം സംസ്ഥാനത്തെ അറിയിച്ചെങ്കിലും കാസർകോടും വയനാടും പുതിയ ഗവ. മെഡിക്കൽ കോളേജ് വേണമെന്ന നിലപാടിലാണ് സംസഥാനം.ആശ വർക്കർമാരുടെ വിഷയമുന്നയിക്കാൻ ഈയിടെ ഡൽഹിയിലെത്തിയ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ കണ്ടപ്പോൾ മെഡിക്കൽ കോളേജിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. പ്രാദേശികസാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മലബാർമേഖലയിൽ കാസർകോടും വയനാടും സർക്കാർ മെഡിക്കൽ കോളേജുകൾ അനുവദിക്കണമെന്ന ആവശ്യമുയർത്തിയത്.എന്നാൽ, സ്വകാര്യ മെഡിക്കൽ കോളേജുകൾ ഉള്ളതിനാൽ പുതിയവ അനുവദിക്കുന്നത് തത്കാലം പരിഗണിക്കാനാകില്ലെന്നാണ് മറുപടി ലഭിച്ചത്.ഇപ്പോഴുള്ള കോളേജുകളിൽ ആനുപാതികമായി സീറ്റുവർധിപ്പിക്കാമെന്നാണ് നിർദേശം. അത് താത്കാലികപരിഹാരം മാത്രമാണെന്നാണ് സംസ്ഥാനത്തെ ഉന്നതവൃത്തങ്ങൾ പറയുന്നത്.കോഴ്‌സുകൾ ആരംഭിച്ചിട്ടില്ലെങ്കിലും കാസർകോടും വയനാടും സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജ് തുടങ്ങിയിട്ടുണ്ട്.നിലവിൽ അവിടെ ചികിത്സമാത്രമേയുള്ളൂ. പുതിയ മെഡിക്കൽ ബാച്ച് അനുവദിച്ചുകിട്ടാനാണ് കേരളത്തിന്റെ ശ്രമം.ഈ വിഷയമുന്നയിച്ച് നേരത്തേയും കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു.