പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം തുടരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ സംഘം പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ശ്രീ ഗോകുലം ചിറ്റ്സ് വഴി ഫെമ ചട്ടങ്ങൾ ലംഘിച്ചു 593 കോടി രൂപ പ്രവാസികളിൽ നിന്ന് സമാഹരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സമാനമായി സിനിമ നിർമാണത്തിലും മറ്റ് ബിസിനസുകളിലും വിദേശത്ത് നിന്ന് പണം സമാഹരിച്ചതായുള്ള വിവരങ്ങളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.അതിനാൽ ഗോകുലം ഗോപാലൻ നിർമിച്ച ചിത്രങ്ങളെ കുറിച്ചും അന്വേഷണം നടത്തും. വിദേശത്ത് നിന്ന് എത്തിയ പണമാണ് എമ്പുരാൻ അടക്കമുള്ള സിനിമകൾ നിർമിക്കാൻ ഉപയോഗിച്ചതെന്നാണ് ഇഡിയുടെ നിഗമനം. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.വെള്ളിയാഴ്ച ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനം, കോർപ്പറേറ്റ് ഓഫീസ്, കോഴിക്കോട്ടെ ഗോകുലം മാൾ എന്നിവിടങ്ങളിൽ ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. കോടമ്പാക്കത്തെ കോർപ്പറേറ്റ് ഓഫീസിൽ നിന്ന് പിടിച്ചെടുത്ത ഒന്നരകോടി രൂപ സംബന്ധിച്ചും ഗോകുലം ഗോപാലൻ മറുപടി നൽകേണ്ടിവരും.