ചാറ്റ് ജിപിടിയുടെ എഐ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലിയാണ് ട്രെൻഡിങ്. നൂറുകണക്കിന് പേരാണ് തങ്ങളുടെ ഗിബ്ലി എഡിറ്റഡ് ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
ഈ ട്രെൻഡ് വൈറലായതോടെ മാര്‍ച്ച് 30 ന് വൈകുന്നേരം 4 മണിയോടെ ചാറ്റ്ജിപിടി സെര്‍വറുകൾ തകരാറാവുന്ന സ്ഥിതി വരെയുണ്ടായി. തുടർന്ന് സാം ആൾട്ട്മാൻ ജനങ്ങളോട് ചിത്രങ്ങൾ ജനറേറ്റ് ചെയ്യുന്നത് നിർത്തിവെക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതേ സമയം തന്നെ, സ്വകാര്യ വ്യക്തികളുടെ ചിത്രങ്ങൾ എ ഐ സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്യുന്നത് ഭാവിയിൽ പണി തരുമോ എന്നുള്ള ചർച്ചയും ഒരു വശത്ത് നടക്കുന്നുണ്ട്. ഗിബ്ലി ഇഫക്റ്റുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് സൈബര്‍ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓപ്പണ്‍എഐയില്‍ നിന്നുള്ള ഈ എഐ ആര്‍ട്ട് ജനറേറ്റര്‍ ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകളെ അപകടത്തിലാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങള്‍ ചാറ്റ്ജിപിടിയില്‍ എത്തുന്നുവെന്നും ഇത് എഐ മോഡലുകളെ കൂടുതല്‍ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിരവധി ഉപയോക്താക്കള്‍ അശ്രദ്ധമായി അവരുടെ സ്വകാര്യ ഫോട്ടോകള്‍ ഓപ്പണ്‍ എഐയുമായി പങ്കിടുന്നുണ്ട്. ഇത് ഭാവിയിൽ ഗുരുതര സ്വകാര്യത സംബന്ധിച്ച പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഗിബ്ലി ശൈലിയിലുള്ള ചിത്രങ്ങളുടെ അമിത ഉപയോഗം പകര്‍പ്പവകാശ ലംഘനമാകാനും സാധ്യതയുള്ളതായി ചിലർ ചൂണ്ടിക്കാട്ടുന്നു.
ഗിബ്ലി ടൂളുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചിത്രങ്ങള്‍ നല്‍കുന്നത് എന്നതിനാല്‍ നിയമപരമായിട്ടുള്ള എന്ത് പ്രശ്നങ്ങള്‍ വന്നാലും അതൊരിക്കലും കമ്പനിയെ ബാധിക്കില്ല. നിയമപരമായ പരിമിതികള്‍ നേരിടാതെ ഈ ചിത്രങ്ങള്‍ ഉപയോക്താക്കളുടെ പൂര്‍ണ്ണ സമ്മതമില്ലാതെ ഉപയോഗിക്കാന്‍ കമ്പനിക്ക് കഴിയുമെന്നും സാങ്കേതികവിദ്യയുടെ വിമര്‍ശകര്‍ വാദിക്കുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നരുതെന്നും സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയയ്യപ്പെടുന്നതിനൊപ്പം ഉപയോക്തൃ വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളിലെത്താം. വ്യാജ ഓണ്‍ലൈന്‍ ഐഡന്റിറ്റികള്‍ സൃഷ്ടിക്കാന്‍ ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്നും മുന്നറിയിപ്പുണ്ട്.
content highlight: Ghilbi