Tech

ബാറ്ററിയും പെർഫോമൻസും ഉ​ഗ്രൻ; ഹോണർ പ്ലേ 60 പുറത്തിറങ്ങി | Honar Play 60

മികച്ച ക്യാമറ, ബാറ്ററി സവിശേഷതകളും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്

ഹോണറിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലുകലായ പ്ലേ 60, പ്ലേ 60എം എന്നിവ ലോഞ്ച് ചെയ്തു.  രണ്ട് സ്മാർട്ട്‌ഫോണുകളും മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റുകളുടെ കരുത്തുമായാണ് എത്തുന്നത്. മികച്ച ക്യാമറ, ബാറ്ററി സവിശേഷതകളും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹോണർ പ്ലേ 60, ഹോണർ പ്ലേ 60എം വില, കളർ ഓപ്ഷനുകൾ:

ചൈനയിൽ ഹോണർ പ്ലേ 60ന്റെ 6GB + 128GB ഓപ്ഷന് CNY 1,199 (ഏകദേശം 14,100 രൂപ) മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം 8GB + 256GB വേരിയന്റിന് CNY 1,399 (ഏകദേശം 16,400 രൂപ) ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറുവശത്ത്, ഹോണർ പ്ലേ 60എമ്മിന്റെ 6GB + 128GB പതിപ്പിന് CNY 1,699 (ഏകദേശം 19,900 രൂപ) ആണ് വില, അതേസമയം 8GB + 256GB, 12GB + 256GB കോൺഫിഗറേഷനുകൾക്ക് യഥാക്രമം CNY 2,199 (ഏകദേശം 25,800 രൂപ), CNY 2,599 (ഏകദേശം 30,500 രൂപ) എന്നിങ്ങനെയാണ് വില. ഹോണർ ചൈന ഇ-സ്റ്റോർ വഴി ഇവ ഉടൻ വിൽപ്പനയ്ക്കെത്തും.അടിസ്ഥാന ഹോണർ പ്ലേ 60 മോഡൽ മോയാൻ ബ്ലാക്ക്, യുലോങ് സ്നോവി, സിയാവോഷാൻ ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്, അതേസമയം പ്ലേ 60എം ഇങ്ക് റോക്ക് ബ്ലാക്ക്, ജേഡ് ഡ്രാഗൺ സ്നോ, മോർണിംഗ് ഗ്ലോ ഗോൾഡ് എന്നീ ഷേഡുകളിലാണ് വിപണിയിലേക്ക് എത്തുന്നത്.

ഹോണർ പ്ലേ 60, ഹോണർ പ്ലേ 60എം മോഡലുകളുടെ സവിശേഷതകൾ:

120Hz റിഫ്രഷ് റേറ്റ്, 1,010nits പീക്ക് ബ്രൈറ്റ്നസ് ലെവൽ, ഡിസി ഫ്ലിക്കർ-ഫ്രീ ഡിമ്മിംഗ്, നാച്ചുറൽ ലൈറ്റ് ഐ പ്രൊട്ടക്ഷൻ, റീഡർ മോഡ് എന്നിവയുള്ള 6.61-ഇഞ്ച് HD+ (720×1,604 പിക്സലുകൾ) TFT LCD സ്ക്രീനുകളോട് കൂടിയാണ് ഫോണിൻ്റെ രൂപകൽപ്പന. ARM G57 MC2 GPU-യുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ചിപ്പാണ് ഫോണുകൾക്ക് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 15-അധിഷ്ഠിത MagicOS 9.0 ലാണ് ഇവയുടെ പ്രവർത്തനം.

ക്യാമറ ഡിപ്പാർട്ട്‌മെൻ്റിലേക്ക് വന്നാൽ, ഹോണർ പ്ലേ 60, പ്ലേ 60എം എന്നിവയ്ക്ക് f/1.8 അപ്പേർച്ചറുള്ള 13-മെഗാപിക്സൽ പ്രൈമറി റിയർ സെൻസറുകളും f/2.2 അപ്പേർച്ചറുള്ള 5-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറുകളും ഉണ്ട്. റിയർ, ഫ്രണ്ട് ക്യാമറകൾ 1080p റെസല്യൂഷൻ വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നുണ്ട്. എഐ ഫീച്ചറുകളും ഇവയ്ക്കൊപ്പമുണ്ട്.

പ്ലേ 60, പ്ലേ 60എം എന്നീ രണ്ട് വേരിയന്റുകളിലും 5V/3A വയർഡ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. സുരക്ഷയ്ക്കായി, അവയ്ക്ക് സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുകൾ ഉണ്ട്. കോൾ അറ്റൻഡിങ്ങ്, സ്ക്രീൻ ബ്രൈറ്റ്നെസ് ക്രമീകരിക്കൽ എന്നിവയ്ക്കായി ഒരു സൈഡ് ബട്ടണും ഫോണുകളിൽ ഉണ്ടാവും. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi 5, ബ്ലൂടൂത്ത് 5.3, GPS, OTG, ഒരു USB ടൈപ്പ്-C പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഉൾപ്പെടുന്നത്. 197 ഗ്രാമാണ് ഫോണിൻ്റെ ഭാരം.

content highlight: Honar Play 60